സുപ്രീംകോടതിയിൽ അലീഗഢിന്റെ ‘തരാന’ ചൊല്ലിയും കഥ പറഞ്ഞും ഖുർശിദ്
text_fields‘യേ മേരാ ഛമൻ ഹേ മേരാ ഛമൻ,
മേം അപ്നെ ഛമൻ കാ ബുൽബുൽ ഹൂം
ജോ താഖെ ഹരം മേം രോഷൻ ഹെ,
വോ ശമാ യഹാം ഭീ ജൽതീ ഹേ’
(ഇതെന്റെ തോട്ടമാണ്, ഇതെന്റെ തോട്ടമാണ്,
ഞാനെന്റെ തോട്ടത്തിലെ വാനമ്പാടിയാണ്
മക്കയിലെ ഹറമിലെ വെളിച്ചമാടത്തിൽ നിന്ന് ഏത് വെളിച്ചമാണോ ഉള്ളത്
അതേ വെളിച്ചമാണിവിടെയുംശോഭ പരത്തുന്നത്)
അലീഗഢ് മുസ്‍ലിം സർവകലാശാലയുടെ ഈ തരാന (ഗീതം) സുപ്രീംകോടതിയിൽ ചൊല്ലിയും തരാനക്ക് പിന്നിലെ കഥ പറഞ്ഞും മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർശിദ് ഈ സർവകലാശാക്ക് എങ്ങിക്‍യാണ് ന്യൂനപക്ഷ പദവി ഇല്ലാതാകുകയെന്ന് സുപ്രീംകോടതിയോട് ചോദിച്ചു. തുടർന്ന് തരാനക്ക് പിന്നിലെ കഥയും സൽമാൻ ഖുർശിദ് കോടതിയോട് പറഞ്ഞു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അലീഗഢ് മുസ്‍ലിം സർവകലാശാലയിൽ വന്ന് നിങ്ങൾക്ക് ഒരു തരാന ഇല്ലേ എന്ന് ചോദിച്ചത് കേട്ടപ്പോൾ പ്രചോദിതനായാണ് അന്നവിടെ വിദ്യാർഥിയായിരുന്ന മജാസ് ലഖ്നവി അതേ രാത്രി ഇരുന്ന് ഒരു തരാന എഴുതിയത്. ആ മജാസ് ലഖ്നവി പിന്നീട് രാജ്യം കണ്ട മികച്ച കവികളിലൊരാളായി ഉയർന്നുവെന്നും ഖുർശിദ് പറഞ്ഞു. നെഹ്റുവിന്റെ കാലം തൊട്ട് മോദിയുടെ കാലം വരെയുള്ള അലീഗഢിന്റെ സമ്പന്നമായ പാരമ്പര്യത്തെ രാജ്യത്തെ ഉന്നത നേതാക്കൾ എങ്ങിനെയാണ് കണ്ടതെന്ന് സൽമാൻ ഖുർശിദ് ബെഞ്ചിനെ ഓർമിപ്പിച്ചു.
കടുത്ത യാഥാസ്ഥികരിൽ നിന്ന് അങ്ങേയറ്റം എതിർപ്പാണ് സർ സയ്യിദ് അഹ്മദ് ഖാൻ നേരിട്ടത്. അലീഗഢിനായി സർ സയ്യിദ് പണം പിരിക്കാൻ ചെന്നപ്പോൾ ആദ്യം ബ്രിട്ടീഷുകാരെ പോലെ നൃത്തം ചെയ്ത് കാണിക്കൂ എന്ന് പരിഹസിച്ചു. ഓക്സ്ഫഡിനോട് മൽസരിക്കാൻ ഒരു സർവകലാശാല ഉണ്ടാക്കുകയാണെങ്കിൽ ബ്രിട്ടീഷുകാരെ പോലെ നൃത്തം ചെയ്യാനറിയണമല്ലോ എന്ന് പറഞ്ഞായിരുന്നു പരിഹാസമെന്നും ഖുർശിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.