കൊല്ലാൻ ലക്ഷ്യമിട്ടത് സൽമാനെ; സുരക്ഷ മറികടക്കാൻ കഴിയാത്തതിനാൽ പദ്ധതി പാളിയെന്ന് വെളിപ്പെടുത്തൽ
text_fieldsമുംബൈ: കുപ്രസിദ്ധ അധോലോക നേതാവ് ലോറൻസ് ബിഷ്‍ണോയ് സംഘം ആദ്യം കൊലപ്പെടുത്താൻ ലക്ഷ്യമിട്ടത് ബോളിവുഡ് താരം സൽമാൻ ഖാനെ ആയിരുന്നെന്ന് മുംബൈ പൊലീസ്. എൻ.സി.പി നേതാവും മഹാരാഷ്ര്ട മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ വധത്തിനു പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം ലഭിച്ചതെന്ന് മുംബൈ ക്രൈം ബ്രാഞ്ച് പറഞ്ഞു.
ആദ്യം സൽമാനെ വധിക്കാനാണ് വാടകകൊലയാളികൾക്ക് നിർദേശം നൽകിയത്. എന്നാൽ നടന്റെ സുരക്ഷ മറികടക്കാൻ കഴിയാത്തതിനാൽ അവരുടെ ശ്രമം പരാജയപ്പെടുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർന്ന് അവർ ശ്രദ്ധ ബാബ സിദ്ദിഖിയിലേക്ക് മാറ്റുകയായിരുന്നു. ഒക്‌ടോബർ 12ന് ബാന്ദ്രയിലെ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫിസിന് പുറത്ത് വെച്ചാണ് ബാബ സിദ്ദിഖിക്ക് നേരെ വെടിവെപ്പുണ്ടായത്.
സീഷനും ഹിറ്റ്‌ലിസ്റ്റിൽ ഉണ്ടായിരുന്നുവെങ്കിലും ആക്രമണത്തിന് മിനിറ്റുകൾ മാത്രം മുമ്പ് സ്ഥലം വിട്ടതിനാൽ രക്ഷപ്പെടുകയായിരുന്നു. ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയും സഹോദരൻ അൻമോൽ ബിഷ്‌ണോയിയും ഏറ്റെടുത്തിരുന്നു. അതിനിടെ വധ ഭീഷണിക്കു പിന്നാലെ തന്റെ സുരക്ഷ സൽമാൻ ഖാൻ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.