പോരാളികളേ, സല്യൂട്ട്
text_fieldsരാജ്യം കണ്ട തീപാറിയ രാഷ്ട്രീയ പോരാട്ടത്തിന്റെ ഗതി നിർണയിച്ചതിൽ രാഷ്ട്രീയക്കാരല്ലാത്ത നിരവധി പേർക്ക് പങ്കുണ്ട്. സമൂഹ മാധ്യമങ്ങളെ പോരാട്ടഭൂമിയാക്കിയ ഒരുപറ്റം നിർഭയ ജനാധിപത്യവാദികളുടെ പരിശ്രമമാണ് ബി.ജെ.പിക്ക് ഇത്രയും വലിയ തിരിച്ചടി സമ്മാനിച്ചത്.
മഹാരാഷ്ട്രയിലും യു.പിയിലും രാജസ്ഥാനിലും ബംഗാളിലും പ്രതിപക്ഷ കക്ഷികൾ വൻ മുന്നേറ്റം നടത്തിയപ്പോൾ ധ്രുവ് റാഠിയെന്ന യുട്യൂബറുണ്ടാക്കിയ ചലനം കാണാതിരിക്കാനാവില്ല. നരേന്ദ്ര മോദിയുടെ ഏകാധിപത്യ പ്രവണതകളെയും വർഗീയ-വിദ്വേഷ പ്രചാരണങ്ങളെയും ഭരണപക്ഷത്തിെൻറ ജനാധിപത്യ വിരുദ്ധതയും അഴിമതിയെയുമെല്ലാം തുറന്നുകാട്ടി ഈ 29കാരൻ ഉയർത്തിയ ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാക്കൾ വരെ പ്രചാരണായുധമാക്കിയത്. യുട്യൂബിൽ മാത്രം 2.1 കോടിയിലേറെ വരിക്കാരുള്ള ധ്രുവിന് ഏറ്റവും കൂടുതൽ പ്രേക്ഷകർ ഹിന്ദി ബെൽറ്റിലായിരുന്നു. ധ്രുവിന്റെ വിഡിയോകൾ ഇവിടങ്ങളിെലല്ലാം വലിയ സ്ക്രീനുകളിൽ പ്രദർശിപ്പിച്ചത് ചലനമുണ്ടാക്കി. കോളജ് കാമ്പസുകളിലും യുവാക്കൾക്കിടയിലും ധ്രുവിന് ഹീറോ പരിവേഷമായി. വാട്സ്ആപ് സർവകലാശാലകളിലെ പെരുംകള്ളങ്ങളും വ്യാജ വാർത്തകളും ധ്രുവ് പൊളിച്ചടുക്കി. ഹിന്ദി ബെൽറ്റിലെ ഹിന്ദുത്വമായികതയിൽ വീണുപോയ വോട്ടർമാരെ മാറിച്ചിന്തിപ്പിക്കാൻ ധ്രുവിന് സാധിച്ചു. ധ്രുവ് പകർന്നുനൽകിയ ധൈര്യത്തിൽ കൂടുതൽ പേർ അദ്ദേഹത്തെ മാതൃകയാക്കി സമൂഹ മാധ്യമങ്ങളിൽ സജീവമായി. ധ്രുവ് തന്നെ അഞ്ചു പ്രാദേശിക ഭാഷകളിൽകൂടി ചാനലുകൾ തുടങ്ങി പോരാട്ടത്തിന് തീപകർന്നു.
വലിയ സൗകര്യങ്ങളും സന്നാഹങ്ങളുമുള്ള ടെലിവിഷൻ ചാനലുകളിലെ കോട്ടിട്ട താര അവതാരകരുടെ വിദ്വേഷ ‘മാധ്യമ പ്രവർത്തന’ത്തെ ധ്രുവ് ഒറ്റക്ക് നേരിടുകയായിരുന്നു. നഗരങ്ങളിലെ മധ്യവർഗം മാത്രം കണ്ട ടി.വി വാർത്ത ചാനലുകളിൽനിന്ന് വ്യത്യസ്തമായി ധ്രുവിന്റെ യുട്യൂബ്, ഫേസ്ബുക്ക് വിഡിയോകൾ ഗ്രാമങ്ങളിലെ സാധാരണക്കാരിലേക്ക് വരെ ഇറങ്ങിച്ചെന്നു. കർഷക പ്രശ്നങ്ങളും തൊഴിലില്ലായ്മയും സമുദായ സൗഹാർദത്തിന്റെ പ്രാധാന്യവും അദ്ദേഹം ഉൗന്നിപ്പറഞ്ഞു.
രാജ്യം ഏകാധിപത്യത്തിലേക്ക് പോകുന്നത് തടയണമെന്ന ചിന്തയാണ് ഈയൊരു പോരാട്ടത്തിന് തന്നെ േപ്രരിപ്പിച്ചതെന്ന് ധ്രുവ് പറയുന്നു. പക്ഷേ, വെറുമൊരു യുട്യൂബറായ താെനാരാൾ വിചാരിച്ചാൽ അതെങ്ങനെ സാധിക്കുമെന്ന ചിന്ത അലട്ടി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ വരണാധികാരിയുടെ സഹായത്തോടെ നടന്ന വൻ അട്ടിമറിയും ജനാധിപത്യത്തെ അറുകൊല ചെയ്തതാണെന്ന് പറഞ്ഞ് സുപ്രീംകോടതി അതിലിടപെടുകയും ചെയ്തതോടെയാണ് ധ്രുവ് റാഠി രണ്ടും കൽപിച്ചിറങ്ങാൻ തീരുമാനിച്ചത്. ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യം ഏകാധിപത്യത്തിലാകുമെന്നായിരുന്നു ധ്രുവിന്റെ മുന്നറിയിപ്പ്.
ഒന്നിനു പിറകെ ഒന്നായി ഭരണപക്ഷത്തിനെതിരെ ചോദ്യങ്ങളുടെ ചാട്ടുളിയെറിഞ്ഞ് വിഡിയോകളിറക്കിയത് വൻ ജനശ്രദ്ധയാകർഷിച്ചു. കോളറില്ലാത്ത ബനിയനുമിട്ട് പാതിചിരിയുമായി തെളിഞ്ഞ ഹിന്ദിയിൽ ധ്രുവ് പറയുന്നത് ജനം ഗൗരവത്തിലെടുത്തു. ബി.ജെ.പിയെ താലോലിച്ച ഗോദി മീഡിയയും സർവസന്നാഹങ്ങളുമുള്ള ബി.ജെ.പി. ഐടി സെല്ലും ധ്രുവിന്റെ പഴുതടച്ച ആക്രമണത്തിൽ നിരായുധരായി. ഹരിയാനയിലെ ഹിന്ദു ജാട്ട് കുടുംബത്തിൽ ജനിച്ച ധ്രുവിനെ പാകിസ്താനിയാക്കാനും ചൈന ചാരനാക്കാനുമെല്ലം നടത്തിയ ശ്രമങ്ങൾ വൃഥാവിലായി. ഉപരിപഠനത്തിനായി ജർമനിയിൽ പോയ ധ്രുവ് അവിടെനിന്നാണ് പോരാട്ടം നയിച്ചത്.
വ്യാജ വാർത്തകൾക്കെതിരെ വസ്തുതകൾ വെളിപ്പെടുത്തി എതിരിടുന്ന ആൾട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറും ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ശക്തമായ സാന്നിധ്യമായി. വ്യാജ വാർത്തകളും വിദ്വേഷ പ്രചാരണങ്ങളും കൈയോടെ പിടികൂടി പുറത്തുവിട്ട സുബൈർ ഭരണപക്ഷത്തിന്റെ കണ്ണിലെ കരടായിരുന്നു. മുതിർന്ന മാധ്യമ പ്രവർത്തകൻ രവീഷ് കുമാർ, ആകാശ് ബാനർജി, അഭിശാർ ശർമ, അജിത് അൻജൂം തുടങ്ങിയ മാധ്യമ പ്രവർത്തകരും സമൂഹ മാധ്യമങ്ങളിലൂടെ സത്യത്തിനു വേണ്ടി പൊരുതി. എൻ.ഡി.ടി.വി അദാനി ഗ്രൂപ് ഏറ്റെടുത്തപ്പോൾ സ്വന്തമായി യുട്യൂബ് ചാനൽ തുടങ്ങിയ രവീഷ് കുമാറിന് ഒരു കോടിയിലേറെ വരിക്കാരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.