ലഖ്നോവിൽ കെട്ടിടം തകർന്ന് സമാജ്‌വാദി നേതാവിന്റെ അമ്മയും ഭാര്യയും മരിച്ചു
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ലഖ്നോവിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ സമാജ്‌വാദി പാർട്ടി നേതാവ് അബ്ബാസ് ഹൈദറിന്റെ അമ്മ ബീഗം ഹൈദറും (87) ഭാര്യ ഉസ്മാ ഹൈദറും (30) മരിച്ചു. ഒരു രാത്രി നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം ബുധനാഴ്ച രാവിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത ബീഗം ഹൈദറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിരുന്നെന്ന് ഉത്തർപ്രദേശ് ഡി.ജി.പി ഡി.എസ് ചൗഹാൻ പറഞ്ഞു. ഉസ്മ ഹൈദർ സിവിൽ ഹോസ്പിറ്റലിലാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രി ബ്രജേഷ് പഥക് പറഞ്ഞു.
15 പേരെ ഇതുവരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തിട്ടുണ്ടെന്നും കുറഞ്ഞത് രണ്ട് പേരെങ്കിലും ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
അതേസമയം, ഹസ്രത്ഗഞ്ച് പ്രദേശത്തെ ബഹുനില കെട്ടിടത്തിന്റെ നിർമാതാവിനും ഉടമകൾക്കുമെതിരെ കേസെടുക്കാൻ ലക്ക്നോ ഭരണകൂടം ഉത്തരവിട്ടതായി സർക്കാർ പ്രസ്താവനയിൽ ബുധനാഴ്ച പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.