കനൗജിൽ അഖിലേഷ് മത്സരിക്കും; അപ്രതീക്ഷിത ട്വിസ്റ്റ് തേജ്പ്രതാപ് സിങ് യാദവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം
text_fieldsലഖ്‌നോ: സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് യു.പിയിലെ കനൗജ് ലോക്സഭ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. നാളെ ഉച്ചക്ക് 12ന് നാമനിർദേശ പത്രിക സമർപ്പിക്കും. തേജ്പ്രതാപ് സിങ് യാദവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷമാണ് അപ്രതീക്ഷ മാറ്റം. മുലായം സിങ് യാദവിന്റെ സഹോദരൻ രത്തൻ സിങ്ങിന്റെ ചെറുമകനാണ് തേജ്പ്രതാപ്.
അഖിലേഷ് യാദവ് കനൗജിൽ മത്സരിച്ചേക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അഭ്യൂഹങ്ങൾ. എന്നാൽ, അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് മിനിഞ്ഞാന്ന് സമാജ്‌വാദി പാർട്ടി തേജ് പ്രതാപ് സിങ് യാദവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എന്നാൽ, ഒരു ദിവസത്തിന് ശേഷം അപ്രതീക്ഷിത നീക്കത്തിലൂടെ അഖിലേഷ് യാദവ് തന്നെ സ്ഥാനാർഥിയായിരിക്കുകയാണ്.
2000, 2004, 2009 വർഷങ്ങളിൽ അഖിലേഷ് യാദവ് കനൗജിൽനിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014ൽ അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവും ഇവിടെനിന്ന് വിജയിച്ചിരുന്നു. 2019ൽ അസംഗഢിൽ നിന്ന് അഖിലേഷ് വിജയിച്ചെങ്കിലും 2022ൽ യു.പി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം എം.പി സ്ഥാനം രാജിവെക്കുകയായിരുന്നു.
പാർട്ടി പ്രവർത്തകരുടെ സമ്മർദത്തെ തുടർന്നാണ് അഖിലേഷ് മത്സരിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കാൻ കൂടുതൽ സമയം വേണ്ടതിനാലാണ് അഖിലേഷ് ആദ്യം മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നത്. എസ്.പിയുടെ ശക്തികേന്ദ്രമായ കനൗജിൽ 2019ൽ ബി.ജെ.പി സ്ഥാനാർഥി സുബ്രത് പഥക് ആണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.