അയോധ്യയിലെ ബലാൽസംഗ അതിജീവിതക്ക് സംരക്ഷണം നൽകണം -അഖിലേഷ് യാദവ്
text_fieldsലക്നോ: അയോധ്യ ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിക്ക് സംരക്ഷണം നൽകാൻ ഉത്തരവിടണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കോടതിയോട് ആവശ്യപ്പെട്ടു. കേസ് രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നവരെ ജയിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേസിന്റെ സെൻസിറ്റിവിറ്റിയും ഗൗരവവും കണക്കിലെടുത്ത് സ്വമേധയാ പെൺകുട്ടിക്ക് സാധ്യമായ എല്ലാ സുരക്ഷയും ഉറപ്പാക്കണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് വിനീതമായ അഭ്യർത്ഥിക്കുകയാണ്. ഇത്തരം സംഭവങ്ങളെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്ന ആളുകളുടെ ഉദ്ദേശ്യം ഒരിക്കലും വിജയിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിക്ക് സാധ്യമായ ഏറ്റവും മികച്ച മെഡിക്കൽ സജ്ജീകരണങ്ങൾ സർക്കാർ ഒരുക്കണം. പെൺകുട്ടിയുടെ ജീവൻ സംരക്ഷിക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് യാദവ് എക്‌സിലെ ഒരു പോസ്റ്റിലും പറഞ്ഞു. പോസ്റ്റിനോട് പ്രതികരിച്ച ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുസ്‍ലിം വോട്ട് ബാങ്കിനെക്കുറിച്ച് അഖിലേഷ് യാദവ് ആശങ്കാകുലനാണെന്നും അതിനാലാണ് പ്രതികളായ രണ്ട് മുസ്‍ലിംകളുടെയും ഡി.എൻ.എ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടതെന്നും ആരോപിച്ചു.
ഗർഭിണിയായ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികളായ രണ്ടുപേരുടെ ഡി.എൻ.എ പരിശോധന നടത്തണമെന്ന തന്റെ ആവശ്യം കഴിഞ്ഞ ദിവസം എതിരാളികൾ വിവാദമാക്കിയിരുന്നു. സമാജ്‌വാദിയുമായി ബന്ധമുള്ള പ്രതികളിലൊരാളായ മൊയ്ദ് ഖാന് അഖിലേഷ് ക്ലീൻ ചിറ്റ് നൽകിയെന്ന് ബി.ജെ.പി ആരോപിച്ചു. അയോധ്യയിലെ ഭാദർസ കേസിൽ ഡി.എൻ.എ ടെസ്റ്റ് നടത്തിയില്ലെങ്കിൽ ബി.ജെ.പിയുടെ ആരോപണം പക്ഷപാതപരമായി പരിഗണിക്കുമെന്ന് യാദവും പ്രതികരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രത്യേകിച്ച് അയോധ്യയിലെ തോൽവി ബി.ജെ.പിയെ തളർത്തിയിരിക്കുകയാണെന്നും യാദവ് പ്രസ്താവനയിൽ പറഞ്ഞിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതികൾ എന്നാരോപിച്ചാണ് അയോധ്യ ജില്ലയിലെ ഭാദർസ നഗറിൽ ബേക്കറി നടത്തുന്ന മൊയ്ദ് ഖാനെയും ജീവനക്കാരനായ രാജു ഖാനെയും ജൂലൈ 30ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഖാൻ സമാജ്‌വാദി പാർട്ടി അംഗമാണെന്നും ഫൈസാബാദ് എം.പി അവധേഷ് പ്രസാദിന്റെ ടീമിലെ അംഗമാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആരോപിച്ചു. ഇതിനെ തുടർന്നാണ് അഖിലേഷ് ഡി.എൻ.എ പരിശോധന ആവശ്യപ്പെട്ടത്. ഇരയുടെ കുടുംബത്തിന് ഉത്തർപ്രദേശ് സർക്കാർ അടിയന്തരമായി 20 ലക്ഷം രൂപ സഹായം നൽകണമെന്നും എസ്.പി മേധാവി ആവശ്യപ്പെട്ടു. മറ്റ് എസ്.പി നേതാക്കളും കേസിൽ നാർകോ ടെസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞയാഴ്ച യോഗി പെൺകുട്ടിയുടെ കുടുംബത്തെ കണ്ടിരുന്നു. ഇതിനു പിന്നാലെ ശനിയാഴ്ച അയോധ്യ ജില്ലാ ഭരണകൂടം ഖാന്റെ ബേക്കറി തകർത്തു. കുളത്തിന് മുകളിൽ അനധികൃതമായാണ് ബേക്കറി നിർമിച്ചതെന്ന് അയോധ്യ ജില്ല മജിസ്‌ട്രേറ്റ് ചന്ദ്ര വിജയ് സിംഗ് പറഞ്ഞതായ റിപ്പോർട്ടും പുറത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.