യു.പിയിൽ എസ്.പി– കോൺഗ്രസ് സഖ്യം പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി– കോൺഗ്രസ് സഖ്യം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. സീറ്റ് വിഭജന ചർച്ചകളിൽ ഒത്തു തീർപ്പായതോടെയാണ് സഖ്യവുമായി മുന്നോട്ടു പോകാൻ ഇരുപാർട്ടികളും തീരുമാനിച്ചത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാജ് ബബ്ബാർ, സമാജ്‌വാദി പാർട്ടി നേതാക്കളായ നരേഷ് ഉത്തം, കിരൺമയ് നന്ദ എന്നിവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് സഖ്യം പ്രഖ്യാപിച്ചത്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒരുമിച്ച് മുന്നോട്ടു പോകുമെന്ന് വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാജ് ബബ്ബാർ അറിയിച്ചു. 105 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. 298 സീറ്റുകളിൽ എസ്.പി സ്ഥാനാർഥികളും ജനവിധി തേടും.
യു.പിയിലെ 403 സീറ്റുകളിൽ 138 എണ്ണം തങ്ങൾക്ക് നൽകണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും സീറ്റ് നൽകുന്നതിൽ എസ്.പി വിമുഖത കാണിച്ചതോടെ സഖ്യ സാധ്യത മങ്ങിയിരുന്നു. 85 സീറ്റിലധികം നൽകാമെന്നാണ് എസ്.പി അറിയിച്ചത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സമാജ്‌വാദി പാർട്ടി നേതൃത്വവുമായി അനുനയചർച്ചകൾ നടത്തിയെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല. തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ട് ഇടപെടുകയായിരുന്നു.
അഖിലേഷ് യാദവ് തന്നെയാകും സഖ്യത്തിെൻറ മുഖ്യമന്ത്രി സ്ഥാനാർഥി. യുവജനങ്ങളെ ശാക്തീകരിക്കുമെന്ന രാഹുൽ ഗാന്ധിയുടെ ആശയവും അഖിലേഷ് യാദവിെൻറ നേതൃത്വവുമുണ്ടെങ്കിൽ സഖ്യത്തിന് മുന്നേറാൻ കഴിയുമെന്ന് രാജ് ബബ്ബാർ പറഞ്ഞു.
ഇന്ന് നടന്ന സമാജ്‌വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലും അഖിലേഷ് സഖ്യത്തെ കുറിച്ച് പരാമർശിച്ചിരുന്നില്ല. തുടർന്ന് നടന്ന അന്തിമ ചർച്ചകളിലാണ് സഖ്യത്തിന് ധാരണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.