‘പാർലമെന്റിലെ ചെങ്കോൽ മാറ്റൂ, ജനാധിപത്യ രാജ്യത്ത് രാജാവിന്റെ വടിയുടെ പിൻബലമെന്തിന്?’ -സ്പീക്കർക്ക് കത്തെഴുതി സമാജ് വാദി പാർട്ടി എം.പി
text_fieldsന്യൂഡൽഹി: കഴിഞ്ഞ തവണ അധികാരത്തിലിരിക്കേ പാർലമെന്റിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ‘ചെങ്കോൽ’ സ്ഥാപിച്ചതിനെതിരെ തുറന്നടിച്ച് സമാജ്‍വാദി പാർട്ടി എം.പി ആർ.കെ. ചൗധരി. ചെങ്കോൽ അവിടുന്ന് മാറ്റി പകരം ഭരണഘടനയുടെ ഭീമൻ പ്രതി ആ സ്ഥാനത്ത് വെക്കണമെന്ന് സ്പീക്കർക്കും പ്രോടേം സ്പീക്കർക്കും നൽകിയ കത്തിൽ ചൗധരി ആവശ്യപ്പെട്ടു. ഉത്തർ പ്രദേശിലെ മുൻ മന്ത്രി കൂടിയാണ് ചൗധരി.
രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും അധികാര ചിഹ്നമാണ് ചെങ്കോൽ എന്ന് ചൗധരി ചൂണ്ടിക്കാട്ടുന്നു. ‘ഭരണഘടനയോട് യഥാർഥമായ കൂറും വിശ്വാസവും പുലർത്തുമെന്നാണ് ഞാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ, സ്പീക്കറുടെ ചെയറിന്റെ വലതു വശത്ത് ചെങ്കോൽ കണ്ട് എനിക്ക് അതിശയം തോന്നി. സർ, നമ്മുടെ ഭരണഘടന ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിശുദ്ധമായ രേഖയാണ്. ചെങ്കോലാകട്ടെ, രാജാധിപത്യത്തിന്റെ സൂചകവും. നമ്മുടെ പാർലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. അല്ലാതെ, ഏതെങ്കിലും രാജാവിന്റെയോ ചക്രവർത്തി കുടുംബത്തിന്റെയോ കൊട്ടാരമല്ല. പാർലമെന്റ് മന്ദിരത്തിൽനിന്ന് ചെങ്കോൽ മാറ്റി പകരം ഭരണഘടനയുടെ ഭീമൻ പ്രതി ആസ്ഥാനത്ത് സ്ഥാപിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു’ -ഇതായിരുന്നു ഉത്തർപ്രദേശിലെ മോഹൻലാൽഗഞ്ച് മണ്ഡലത്തിൽനിന്നുള്ള എം.പിയായ ചൗധരിയുടെ കത്തിലെ ഉള്ളടക്കം.
‘കഴിഞ്ഞ ബി.ജെ.പി സർക്കാറാണ് സ്പീക്കറുടെ ചെയറിന് തൊട്ടടുത്തായി ചെങ്കോൽ സ്ഥാപിച്ചത്. ചെങ്കോൽ (സെങ്കോൽ) എന്നത് തമിഴ് വാക്കാണ്. അധികാരദണ്ഡ് എന്നാണ് അതിന്റെ അർഥം. രാജാക്കന്മാരുടെ കാലത്തുനിന്ന് സ്വാതന്ത്ര്യം നേടി നമ്മളിപ്പോൾ ജനാധിപത്യ രാജ്യമായിരിക്കുന്നു. ഇവിടുത്തെ സമ്മതിദാനാവകാശമുള്ള ഓരോ സ്ത്രീയും പുരുഷനുമൊക്കെ വോട്ട് ചെയ്ത് തെരഞ്ഞെടുത്ത സർക്കാറാണ് നാടു ഭരിക്കുന്നത്. രാജ്യം ഭരണഘടനയുടെ അടിസ്ഥാനത്തിലാണോ അതോ രാജാവിന്റെ വടിയുടെ പിൻബലത്തിലാണോ മുന്നോട്ടുപോകുന്നത്? -വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ചൗധരി ചോദിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ മണിക്കം ടാഗോറും ചൗധരിയുടെ വാദത്തെ പിന്തുണച്ചു. ‘ ചെങ്കോൽ എന്നത് രാജഭരണത്തിന്റെ പ്രതീകമാണെന്നത് വ്യക്തമാണ്. രാജഭരണമെല്ലാം എന്നേ അവസാനിച്ചുകഴിഞ്ഞിരിക്കുന്നു. ജനാധിപത്യവും ഭരണഘടനയുമാണ് നമ്മൾ ആഘോഷിക്കേണ്ടത്’ -ടാഗോർ ചൂണ്ടിക്കാട്ടി. ആർ.ജെ.ഡി എം.പിയും ലാലു പ്രസാദ് യാദവിന്റെ മകളുമായ മിസ ഭാരതിയും ഈ അഭിപ്രായം പങ്കുവെക്കുന്നു. ‘ആര് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യുന്നു’.
അഞ്ചടി നീളമുള്ള, സ്വർണം പൂശിയ ‘ചെങ്കോൽ’ രണ്ടാം മോദി സർക്കാറിന്റെ താൽപര്യാർഥം കഴിഞ്ഞ വർഷമാണ് പാർലമെന്റിനകത്ത് സ്ഥാപിച്ചത്. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തേയും ആധുനികതയേയും കൂട്ടിയിണക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചെങ്കോൽ സ്ഥാപിച്ചതെന്നായിരുന്നു അമിത് ഷാ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ വാദം. തമിഴ്നാട്ടിൽനിന്നാണ് ചെങ്കോൽ സ്ഥാപിക്കാനായി കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.