യു.പിയിൽ സമാജ് വാദി പാർട്ടി 65 ലോക്സഭ സീറ്റുകളിൽ മത്സരിക്കും; ഇൻഡ്യ സഖ്യം 15ലും
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ 80 ലോക്സഭ സീറ്റുകളിൽ സമാജ്‍വാദി പാർട്ടി 65 എണ്ണത്തിൽ മത്സരിക്കാൻ ധാരണയായി. അവശേഷിക്കുന്ന 15 സീറ്റുകൾ കോൺഗ്രസിനും ഇൻഡ്യ സഖ്യത്തിലെ കക്ഷികൾക്കും മാറ്റിവെച്ചു. മത്സരിക്കാൻ യോഗ്യരായ സ്ഥാനാർഥികളുടെ പട്ടിക തീരുമാനിച്ചതായും സമാജ്‍വാദി പാർട്ടി അറിയിച്ചു.
ഇൻഡ്യ സഖ്യം പരാജയപ്പെട്ടാൽ, ബി.ജെ.പിക്കെതിരെ സ്വന്തം നിലക്ക് മത്സരിച്ച് വിജയിക്കാൻ പാർട്ടി തയാറാണെന്ന് സമാജ്‍വാദി പാർട്ടി വ്യക്തമാക്കുകയും ചെയ്തു.
2022 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 35 ശതമാനം വോട്ട് വിഹിതം തന്റെ പാർട്ടിക്ക് ലഭിച്ചതായും ബി.ജെ.പിയെ തറപറ്റിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും യു.പി മുൻ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് പറഞ്ഞു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജാതി സർവേയും പാർട്ടി ഉന്നയിച്ചേക്കും. ദലിത്, ന്യൂനപക്ഷ വോട്ടുകൾ നേടിയെടുക്കാൻ ഇതു സഹായിക്കുമെന്നാണ് സമാജ്‍വാദി പാർട്ടിയുടെ കണക്കുകൂട്ടൽ. ജനങ്ങൾക്ക് താൽപര്യമുള്ള വിഷയങ്ങളിൽ ശ്രദ്ധിച്ച് മുന്നോട്ടുപോവുകയാണെന്നും പാർട്ടി നേതാക്കൾ അറിയിച്ചു. മധ്യപ്രദേശിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസിനും സമാജ്‍വാദി പാർട്ടിക്കുമിടയിൽ ഭിന്നത ഉടലെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.