വോട്ടെണ്ണൽ ദിവസം ഇ.വി.എമ്മുകൾക്ക് സംരക്ഷണം നൽകിയ സമാജ്‌വാദി പാർട്ടി പ്രവർത്തകർക്കെതിരെ കേസ്
text_fieldsലഖ്‌നോ: ഉത്തർപ്രദേശിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിച്ച് സർക്കാർ വാഹനങ്ങൾ പരിശോധിച്ചതിന് സമാജ്‌വാദി പാർട്ടി പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇ.വി.എം തട്ടിപ്പ് തടയാൻ എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് ആഹ്വാനം ചെയ്തത് പ്രകാരം വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തിയവർക്കെതിരെയാണ് കേസ്.
വോട്ടെണ്ണലിന്‍റെ രണ്ട് ദിവസം മുമ്പ് വാരണസിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇ.വി.എം) മോഷണം പോയെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. വോട്ടെണ്ണൽ ആരംഭിക്കുന്നതിനു മുമ്പ് മുഴുവൻ ഇ.വി.എമ്മുകൾക്കും സംരക്ഷണം നൽകണമെന്ന് അഖിലേഷ് പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് സമാജ്‌വാദി പ്രവർത്തകർ സംസ്ഥാനത്തെ 75 ജില്ലകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തടിച്ചുകൂടിയതിന്‍റെയും സർക്കാർ വാഹനങ്ങളിൽ പരിശോധന നടത്തുന്നതിന്‍റെയും ദൃശ്യങ്ങൾ വ്യാപകമായി പുറത്ത് വന്നിരുന്നു.
കിഴക്കൻ യു.പിയിലെ ബസ്തി ജില്ലയിൽ 100 സമാജ്‌വാദി പാർട്ടി പ്രവർത്തകർക്കെതിരെ ഏഴ് വ്യത്യസ്ത കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.
സമാജ്‌വാദി പാർട്ടി പ്രവർത്തകർ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ അനധികൃതമായി പരിശോധിക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥരുടെ പരാതിയിൽ ഏഴ് കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും ബസ്തി പൊലീസ് മേധാവി ആശിഷ് ശ്രീവാസ്തവ പറഞ്ഞു.
പാർട്ടി പ്രവർത്തകരെ ലക്ഷ്യം വെച്ച് ബി.ജെ.പി സർക്കാർ കള്ളകേസുകൾ സൃഷ്ടിക്കുകയാണെന്നും ഇത് തടയാൻ പാർട്ടി ജില്ല മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമാജ്‌വാദി പാർട്ടി നേതാവ് മഹേന്ദ്ര നാഥ് യാദവ് പറഞ്ഞു.
പടിഞ്ഞാറൻ യു.പിയിലെ ഹാപൂരിൽ വോട്ടെണ്ണലിന്റെ തലേദിവസം സർക്കാർ ഉദ്യോഗസ്ഥരെ മർദിക്കുകയും ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്തുവെന്നാരോപിച്ച് ആറ് സമാജ്‌വാദി പാർട്ടി പ്രവർത്തകരുൾപ്പടെ 30 പേർക്കെതിരെ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.