ഞങ്ങൾ ആവശ്യപ്പെട്ടത് നൽകിയില്ലെങ്കിൽ 25 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കും; മഹാരാഷ്ട്രയിൽ എം.വി.എ സഖ്യത്തിന് മുന്നറിയിപ്പുമായി സമാജ് വാദി പാർട്ടി നേതാവ്
text_fieldsമുംൈബ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കെ, മഹാ വികാസ് അഘാഡി സഖ്യത്തിന് മുന്നറിയിപ്പുമായി സമാജ് വാദി പാർട്ടി നേതാവ്. പാർട്ടിക്ക് അഞ്ച് സീറ്റ് നൽകിയില്ലെങ്കിൽ 25 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് അബു അസ്മിയുടെ മുന്നറിയിപ്പ്. സമാജ്‌വാദി പാർട്ടിയുടെ മഹാരാഷ്ട്ര ശാഖയുടെ പ്രസിഡന്റാണ് അസ്മി.
സമാജ്‍വാദി പാർട്ടിക്ക് പുറമെ ശിവസേന(യു.ബി.ടി), എൻ.സി.പി(ശരദ്പവാർ വിഭാഗം), കോൺഗ്രസ് എന്നിവയും ചേർന്നതാണ് മഹാ വികാസ് അഘാഡി സഖ്യം. സഖ്യത്തിൽ ഭിന്നതയുണ്ടാകുന്നത് നല്ലതല്ല. അതുപോലെ വോട്ടുകൾ വിഭജിക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്നും അസ്മി എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചു.
സഖ്യം നേരത്തേ തന്നെ രൂപീകരിച്ചതിനാൽ തെരഞ്ഞെടുപ്പിന് മുമ്പായി എത്രയും പെട്ടെന്ന് സീറ്റുകൾ വിഭജിക്കേണ്ടതായിരുന്നു. ഇൻഡ്യ സഖ്യവും നേരത്തേ രൂപീകരിച്ചതാണ്. സീറ്റ് വിഭജനത്തിൽ പിന്നെ ആശയക്കുഴപ്പം എന്തിനാണ്? ആഭ്യന്തര കലഹം സഖ്യത്തിന് നല്ലതല്ല. സമാജ്‍വാദി പാർട്ടിയും സഖ്യത്തിലുണ്ട്. എന്നാൽ സീറ്റ് വിഭജനത്തെ കുറിച്ച് ഒരുതരത്തിലുള്ള ചർച്ചയും നടന്നിട്ടില്ല. എന്തുതീരുമാനമെടുക്കണമെന്ന് അടുത്ത ദിവസം പറയാമെന്നാണ് ശരദ് പവാർ പറഞ്ഞിരിക്കുന്നത്.-അബു അസ്മി പറഞ്ഞു.
അഞ്ച് സീറ്റുകളിൽ മത്സരിക്കുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചതാണ്. അവർ ഞങ്ങൾക്ക് സീറ്റ് തരാൻ ബാധ്യസ്ഥരാണ്. വോട്ടുകൾ വിഭജിച്ചുപോകാൻ ആഗ്രഹിക്കാത്തതിനാൽ തീരുമാനത്തിനായി കാത്തിരിക്കാൻ തയാറാണ്. വോട്ടിനു വേണ്ടി എം.വി.എ സഖ്യത്തിൽ അസ്വാരസ്യം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ സഖ്യത്തിലെ അംഗമായി അവർ ഞങ്ങളെ കാണുന്നില്ല എങ്കിൽ 25 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച് ശിവസേനയും കോൺഗ്രസും എല്ലാദിവസം ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ ധാരണയിലെത്തിയിട്ടില്ല. -അസ്മി കൂട്ടിച്ചേർത്തു.
സീറ്റ് വിഭജനം സംബന്ധിച്ച് സഖ്യത്തിൽ ഭിന്നതയുണ്ടെന്നും എന്നാൽ അത് പരിഹരിക്കുമെന്നും തെരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടുമെന്നും കഴിഞ്ഞ ദിവസം കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചിരുന്നു. നേരത്തേ 12 സീറ്റുകളാണ് സമാജ്‍വാദി പാർട്ടി ആവശ്യപ്പെട്ടിരുന്നത്. മഹാരാഷ്ട്രയിൽ 288 നിയമസഭ മണ്ഡലങ്ങളിലേക്കാണ് നവംബർ 23ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 105ഉം ശിവസേനക്ക് 56ഉം കോൺഗ്രസിന് 44ഉം സീറ്റുകളാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.