സമസ്ത നൂറാം വാർഷികാഘോഷത്തിന് തുടക്കം
text_fieldsബംഗളൂരു: 2026 ഫെബ്രുവരി ആറു മുതൽ എട്ടുവരെ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തിന്‍റെ ആഘോഷ പരിപാടികൾക്ക് ബംഗളൂരുവിൽ പ്രൗഢ തുടക്കം. ഞായറാഴ്ച ബംഗളൂരു പാലസ് മൈതാനത്ത് ചടങ്ങ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. മതമെന്ന വികാരത്തേക്കാൾ മനുഷ്യനെന്ന വികാരത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ഒരു സംഘടന 100 വർഷം പ്രവർത്തനം പൂർത്തിയാക്കുക എന്നത് ചെറിയ കാര്യമല്ല. എല്ലാ മതങ്ങളും സ്നേഹവും സൗഹാർദവുമാണ് വിഭാവനം ചെയ്യുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷതവഹിച്ചു.
സമസ്ത നാഷനൽ എജുക്കേഷൻ കൗൺസിലിന് കീഴിൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ആൺകുട്ടികൾക്ക് അസ്സനാഈ ബിരുദവും പെൺകുട്ടികൾക്ക് അസ്സനാഇയ്യ ബിരുദവും നൽകാൻ ബംഗളൂരുവിൽ ചേർന്ന സമസ്ത മുശാവറ തീരുമാനം ജിഫ്രി തങ്ങൾ സമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിനു പുറത്ത് സമസ്തയുടെ ആദ്യ മുശാവറ യോഗമാണ് ബംഗളൂരുവിൽ നടന്നത്. രാവിലെ 10ന് സ്വാഗതസംഘം ജനറൽ കൺവീനറും കോഴിക്കോട് ഖാദിയുമായ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി.
പൊതുസമ്മേളനത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും ദക്ഷിണ കന്നട ജില്ല ജനറൽ സെക്രട്ടറിയുമായ വി.കെ. അബ്ദുല്‍ ഖാദര്‍ മുസ്‍ലിയാര്‍ ബംബ്രാണ ആമുഖ പ്രഭാഷണം നിർവഹിച്ചു.
ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ നൂറാം വാർഷിക സമ്മേളന തീയതി പ്രഖ്യാപനം നിർവഹിച്ചു.മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റും എസ്.വൈ.എസ് പ്രസിഡന്‍റുമായ സാദിഖലി തങ്ങള്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മുഖ്യാതിഥിയായി. കർണാടകയിൽ 2500 വിഖായ വളന്‍റിയര്‍മാരുടെ സമര്‍പ്പണം ശിവകുമാര്‍ നിർവഹിച്ചു.
കർണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, ചീഫ് വിപ്പ് സലീം മുഹമ്മദ്, മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ, എന്‍.എ. ഹാരിസ് എം.എല്‍.എ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹ്മദ്, റിസ്‍വാന്‍ അര്‍ഷദ് എം.എല്‍.എ, ബി.എം. ഫാറൂഖ് എം.എൽ.സി, പൊന്നണ്ണ എം.എൽ.എ, ഡോ. മന്ദർഗൗഡ എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്‍ലിയാര്‍ കൊയ്യോട് പ്രഭാഷണം നിർവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ നേതാക്കളായ കോട്ടുമല എം.കെ. മൊയ്തീന്‍ കുട്ടി മുസ്‍ലിയാര്‍, എം.പി. കുഞ്ഞഹമ്മദ് മുസ്‍ലിയാര്‍ നെല്ലായ, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, കെ. ഉമര്‍ ഫൈസി മുക്കം തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.
സമസ്ത മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതവും സംഘാടക സമിതി വർക്കിങ് കൺവീനർ പി എം അബ്ദുലത്തീഫ് ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.