സംഭൽ, അദാനി: പാർലമെന്റ് സ്തംഭനം തുടരുന്നു; അജണ്ട മാറ്റിവെച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം
text_fieldsസ്വന്തം ലേഖകൻ
ന്യൂഡൽഹി: സംഭൽ സംഘർഷം, ഗൗതം അദാനിക്കെതിരായ കൈക്കൂലിക്കേസ്, മണിപ്പൂർ കലാപം തുടങ്ങിയ വിഷയങ്ങൾ അജണ്ട മാറ്റിവെച്ച് അടിയന്തരമായിചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ പാർലമെന്റ് വീണ്ടും സ്തംഭിച്ചു. ആവശ്യം അംഗീകരിക്കാൻ സഭാധ്യക്ഷന്മാർ തയാറാകാതിരുന്നതോടെ മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങി പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുകയായിരുന്നു.
ലോക്സഭ സമ്മേളിച്ചപ്പോൾ തന്നെ സംഭൽ വർഗീയ സംഘർഷം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സമാജ്‍വാദി പാർട്ടി നേതാവ് ധർമേന്ദ്ര യാദവും പാർട്ടി എം.പിമാരും എഴുന്നേറ്റു.
ഇവർക്ക് പിന്തുണ നൽകിയ കോൺഗ്രസ്, ഡി.എം.കെ, തൃണമൂൽ കോൺഗ്രസ് എം.പിമാർ അദാനിയുടെ തട്ടിപ്പും കൈക്കൂലിയും ഉന്നയിച്ചു. തുടർന്ന് 12 മണിക്ക് വീണ്ടും സഭ ചേർന്നപ്പോൾ ‘സംഭൽ കൊലയാളികളെ ശിക്ഷിക്കൂ’ എന്ന മുദ്രാവാക്യം വിളിച്ചുകൊടുത്ത് ധർമേന്ദ്ര യാദവ് സമാജ്‍വാദി പാർട്ടി പ്രവർത്തകരുമായി നടുത്തളത്തിലേക്കിറങ്ങി. അദാനിക്കെതിരെ മുദ്രാവാക്യം വിളിച്ച് മറ്റു എം.പിമാരുമിറങ്ങിയതോടെ സഭ നടപടികളിലേക്ക് കടക്കാതെ വ്യാഴാഴ്ചത്തേക്ക് പിരിഞ്ഞു.
സംഭൽ വർഗീയ സംഘർഷം നടപടികൾ നിർത്തിവെച്ച് സഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇൻഡ്യ എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. രാജ്യസഭ 11 മണിക്ക് ചേർന്നപ്പോൾ സമാജ്‍വാദി പാർട്ടി നേതാവ് പ്രഫസർ രാം ഗോപാൽയാദവും പി.വി. അബ്ദുൽ വഹാബ്, ജോൺ ബ്രിട്ടാസ്, എ.എ. റഹീം എന്നിവരും സംഭൽ സംഘർഷം എല്ലാ അജണ്ടകളും മാറ്റിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയ കാര്യം ചെയർമാൻ ജഗ്ദീപ് ധൻഖർ അറിയിച്ചു.
അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകളും കൈക്കൂലിയും സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കാൻ കോൺഗ്രസ് നേതാക്കളായ ജി.സി. ചന്ദ്രശേഖർ, രൺദീപ് സിങ് സുർജെവാല, സയ്യിദ് നസീർ ഹുസൈൻ, ശ്രീമതി രേണുക ചൗധരി,രാജീവ് ശുക്ല, പ്രമോദ് തിവാരി എന്നിവരും സുസ്മിത ദേവ് (ടി.എം.സി), തിരുച്ചി ശിവ(ഡി.എം.കെ), രാഘവ് ഛദ്ദ(ആപ്) എന്നിവരും മണിപ്പൂർ സംഘർഷത്തിൽ കേരളത്തിൽ നിന്നുള്ള സി.പി.ഐ രാജ്യസഭാ കക്ഷി നേതാവ് സന്തോഷ് കുമാറും ഡൽഹിയിലെ ക്രമസമാധാന നില സംബന്ധിച്ച് ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിങ്ങും അടിയന്തര ചർച്ചക്ക് നോട്ടീസ് നൽകിയെന്നും ഈ 18 നോട്ടീസുകളും താൻ തള്ളുകയാണെന്നും ചെയർമാൻ അറിയിച്ചു. ഇതിൽ പ്രതിപക്ഷം പ്രതിഷേധിച്ചപ്പോൾ ആദ്യം 11.30 വരെ നിർത്തിവെച്ച സഭ പിന്നീട് വ്യാഴാഴ്ചത്തേക്ക് പിരിയുകയാണെന്ന് ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.