സംഭലിലെ ക്ഷേത്രത്തിൽ കാർബൺ ഡേറ്റിങ് നടത്തണം; എ.എസ്.ഐക്ക് കത്തയച്ച് ജില്ല ഭരണകൂടം
text_fieldsസംഭൽ: ഉത്തർ പ്രദേശിലെ സംഭലിൽ 46 വർഷത്തിന് ശേഷം തുറന്ന ഭസ്മ ശങ്കർ ക്ഷേത്രത്തിൽ കാർബൺ ഡേറ്റിങ് നടത്തണമെന്ന് ജില്ല ഭരണകൂടം. ഇക്കാര്യം ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) ജില്ല ഭരണകൂടം കത്തയച്ചു.
ക്ഷേത്രവും കിണറും അടക്കമുള്ളവ കാർബൺ ഡേറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ടതായി ജില്ല മജിസ്‌ട്രേറ്റ് രാജേന്ദർ പെൻസിയ പറഞ്ഞു. പുരാതന സ്ഥലങ്ങളിൽ നിന്നുള്ള പുരാവസ്തുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന രീതിയാണ് കാർബൺ ഡേറ്റിങ്.
ക്ഷേത്രത്തിൽ പൂജ തുടങ്ങിയതായും പരിസരത്ത് സുരക്ഷാ ജീവനക്കാരെ സ്ഥിരമായി നിയമിക്കുകയും സി.സി.ടി.വി കാമറകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിലും കയ്യേറ്റമുണ്ടെന്നും അത് നീക്കം ചെയ്തു കൊണ്ടിരിക്കുകയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
ഉത്തർപ്രദേശിലെ സംഭലിൽ 1978ൽ കലാപത്തെ തുടർന്ന് അടച്ചിട്ട ക്ഷേത്രമാണ് ജില്ല ഭരണകൂടം തുറന്നു കൊടുത്തത്. സംഭൽ ഖഗ്ഗു സാരായ് ഭാഗത്താണ് ഭസ്മ ശങ്കർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കലാപത്തെ തുടർന്ന് ഹിന്ദു സമുദായം ഇവിടെ നിന്ന് ഒഴിഞ്ഞു പോയതിനെ തുടർന്നാണ് ക്ഷേത്രം അടച്ചിട്ടതെന്ന് നഗർ ഹിന്ദു മഹാസഭ രക്ഷാധികാരിയായ വിഷ്ണുശങ്കർ രസ്തോഗി (82) അവകാശപ്പെട്ടു.
വെടിവെപ്പുണ്ടായ സംഭൽ ശാഹി ജമാ മസ്ജിദിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്താണ് ഭസ്മ ശങ്കർ ക്ഷേത്രം. ക്ഷേത്രത്തിൽ ഹനുമാൻ വിഗ്രഹവും ശിവലിംഗവുമാണ് ഉള്ളത്. ക്ഷേത്രത്തിന് സമീപത്തുള്ള കിണർ തുറക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.