റമദാനു മുമ്പ് സംഭൽ മസ്ജിദിന് വെള്ളപൂശേണ്ടതില്ലെന്ന് അലഹബാദ് ഹൈകോടതിയിൽ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ
text_fieldsഅലഹബാദ്: സംഭലിലെ ഷാഹി ജുമാ മസ്ജിദിനുമേൽ ഇനാമൽ പെയിന്റ് പൂശിയതിനാൽ റമദാനിനു മുമ്പ് വെള്ള പൂശേണ്ട ആവശ്യമില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) അലഹബാദ് ഹൈകോടതിയെ അറിയിച്ചു.
റമദാന് മുന്നോടിയായി പള്ളിയിൽ വെള്ള പൂശൽ, അലങ്കാര ക്രമീകരണങ്ങൾ, അറ്റകുറ്റപ്പണികൾ എന്നിവയുടെ ആവശ്യകത പരിശോധിക്കാൻ എ.എസ്.ഐയോട് ഹൈകോടതി നിർദേശിച്ചിരുന്നു. മസ്ജിദിലെ ‘മുതവല്ലി’മാരുടെ സാന്നിധ്യത്തിൽ പകൽ സമയങ്ങളിൽ പരിശോധന നടത്താനും കോടതി നിർദേശിച്ചിരുന്നു. എ.എസ്.ഐ ഇതു സംബന്ധിച്ച പരിശോധനാ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിച്ചു.
വെള്ളിയാഴ്ച വാദം കേൾക്കവെ, ഷാഹി ജുമാ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി വെള്ളപൂശൽ ആവശ്യമാണെന്ന് അറിയിക്കുകയും എ.എസ്.ഐ റിപ്പോർട്ട് തെറ്റാണെന്ന് അവകാശപ്പെടുകയും ചെയ്തു. തുടർന്ന്, ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ ബെഞ്ച് മസ്ജിദ് കമ്മിറ്റി റിപ്പോർട്ടിനോട് പ്രതികരണമോ എതിർപ്പോ സമർപ്പിക്കാൻ എ.എസ്.ഐക്ക് മാർച്ച് 4 വരെ സമയം അനുവദിച്ചു.
അതിനിടെ, പരിസരത്തുള്ള പൊടിയും ചെടികളും നീക്കം ചെയ്യുന്നത് ഉൾപ്പെടെ പള്ളി പരിസരം വൃത്തിയാക്കാനും കോടതി നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.