സംഭൽ സാധാരണനിലയിലേക്ക്, പുറമെനിന്നുള്ളവർക്ക് പ്രവേശന വിലക്ക്; പ്രകോപനം ‘ജയ്ശ്രീറാം’ മുദ്രാവാക്യവും പൊലീസ് ഉന്നതരുമെന്ന് പ്രതിപക്ഷം
text_fieldsലഖ്നോ: ശാഹി ജമാ മസ്ജിദിലെ സർവേക്കിടെ സംഘർഷവും വെടിവെപ്പുമുണ്ടായ ഉത്തർപ്രദേശിലെ സംഭലിൽ പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് നവംബർ 30 വരെ വിലക്കി. അഞ്ചുപേർ കൊല്ലപ്പെട്ട പ്രദേശത്ത് ചൊവ്വാഴ്ച അക്രമ സംഭവങ്ങളൊന്നുമുണ്ടായില്ല. സാധാരണ നിലയിലേക്ക് മടങ്ങിയ പ്രദേശത്ത് സ്കൂളുകളും കടകളും തുറന്നുപ്രവർത്തിച്ചു. അതേസമയം, ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചിട്ടില്ല. പൊലീസും ജില്ല ഭരണകൂടവും സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസിനെയും പ്രശ്നബാധിത കേന്ദ്രങ്ങളിൽ ദ്രുതകർമ സേനയെയും നിയോഗിച്ചു.
കോടതി ഉത്തരവിനെത്തുടർന്ന് നവംബർ 19ന് മസ്ജിദിലെ ആദ്യ സർവേക്ക് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. അഞ്ചുപേർ മരിച്ച സംഭവത്തിൽ 20ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ്തല അന്വേഷണം പുരോഗമിക്കുകയാണ്. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ജില്ല പൊലീസ് സൂപ്രണ്ട് കൃഷ്ണ കുമാർ വിഷ്‍ണോയി പറഞ്ഞു. കുഴപ്പമുണ്ടാക്കിയവരെ കണ്ടെത്താൻ സി.സി.ടി.വി കാമറകളും വിഡിയോ ദൃശ്യങ്ങളും പരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, സംഭലിൽ നടത്താനിരുന്ന സന്ദർശനം സമാജ്‍വാദി പാർട്ടി മാറ്റിവെച്ചു. സംഭവത്തിൽ നീതിയുക്തമായ അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഉറപ്പുനൽകിയ സാഹചര്യത്തിലാണ് സന്ദർശനം മാറ്റിവെച്ചതെന്ന് മുതിർന്ന എസ്.പി നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ മാതാ പ്രസാദ് പാണ്ഡെ പറഞ്ഞു.
യു.പിയിലെ സംഭലിൽ വെടിവെപ്പിൽ അഞ്ചുപേരുടെ ജീവൻ അപഹരിക്കുന്നതിനിടയാക്കിയ അക്രമത്തിൽ ‘ജയ്ശ്രീറാം’ മുദ്രാവാക്യവും പൊലീസ് ഉന്നതരുമാണ് പ്രകോപനമുണ്ടാക്കിയതെന്ന ആരോപണവുമായി പ്രതിപക്ഷ എം.പിമാർ.
ഞായറാഴ്ച കോടതി നിയോഗിച്ച സർവേ കമീഷൻ സംഭലിലെ ജമാ മസ്ജിദിലേക്കു പോകവെ അനുഗമിച്ച ചിലർ മുസ്‍ലിംകളെ പ്രകോപിപ്പിക്കുന്നതിനായി ‘ജയ് ശ്രീറാം’ എന്ന വിജയാഹ്ലാദം മുഴക്കിയെന്നും മുതിർന്ന പൊലീസിന്‍റെയും ജില്ല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ഇതെന്നും അവർ പറഞ്ഞു.
സംഭവത്തിൽ സുപ്രീംകോടതി ഇടപെടണമെന്നും ഭരണകൂടം വഹിച്ച പങ്ക് പരിശോധിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ജയിലിലടക്കണമെന്ന് സംഭൽ എം.പിയും സമാജ്‌വാദി പാർട്ടി നേതാവുമായ സിയാവുർ റഹ്മാൻ ബർഖ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോടതി നിയോഗിച്ച കമീഷണറെ അനുഗമിച്ചവരിൽ പ്രാദേശിക അഭിഭാഷകൻ രാമൻ രാഘവ്, സഹ കമീഷൻ അംഗങ്ങൾ (കൂടുതലും അഭിഭാഷകർ), ജില്ല മജിസ്‌ട്രേറ്റ് രാജേന്ദ്ര പൈസിയ, പൊലീസ് സൂപ്രണ്ട് കൃഷ്ണകുമാർ എന്നിവരും ഉണ്ടായിരുന്നു. എന്നാൽ, അജ്ഞാതരായ പലരും ഇവർക്കൊപ്പം സ്വന്തം നിലയിൽ അണിചേർന്നിരുന്നതായാണ് വിവരം. ജനക്കൂട്ടത്തിനുള്ളിൽനിന്നുള്ള വെടിവെപ്പാണ് മരണത്തിനുകാരണമായതെന്നാണ് പൊലീസ് വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.