Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംഭൽ സംഘർഷം: സിയാവുർ...

സംഭൽ സംഘർഷം: സിയാവുർ റഹ്മാൻ എം.പിയെയും എം.എൽ.എയുടെ മകനെയും പ്രതിയാക്കി പൊലീസ് കുറ്റപത്രം

text_fields
bookmark_border
സംഭൽ സംഘർഷം: സിയാവുർ റഹ്മാൻ എം.പിയെയും എം.എൽ.എയുടെ മകനെയും പ്രതിയാക്കി പൊലീസ് കുറ്റപത്രം
cancel

ലഖ്നോ: ഉത്തർപ്രദേശിലെ സംഭലിൽ ശാഹി ജമാ മസ്ജിദിലെ സർവേക്കിടെ സംഘർഷവും വെടിവെപ്പുമുണ്ടായ സംഭവത്തിൽ സ്ഥലം എം.പിയും സമാജ്‌വാദി പാർട്ടി നേതാവുമായ സിയാവുർ റഹ്മാൻ ബർഖിനെയും എം.എൽ.എ ഇഖ്ബാൽ മഹ്മൂദിന്‍റെ മകൻ സുഹൈൽ മഹ്മൂദിനെയും പ്രതിയാക്കി പൊലീസിന്‍റെ കുറ്റപത്രം.

കോടതി ഉത്തരവിനെത്തുടർന്ന് നവംബർ 19ന് മസ്ജിദിലെ ആദ്യ സർവേക്ക് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. പൊലീസ് വെടിവെപ്പിൽ അഞ്ചുപേർ മരിക്കുകയും 20ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭൽ എം.പി സിയാവുർ റഹ്മാൻ ഒന്നാം പ്രതിയും സുഹൈൽ മഹ്മൂദ് രണ്ടാം പ്രതിയുമാണ്. കൂടാതെ, ആറു പേരെയും തിരിച്ചറിയാത്ത 700-800 പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രകോപനപരമായ പ്രസംഗം നടത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അക്രമത്തിന് പ്രേരിപ്പിച്ചെന്നുമാണ് ഇവർക്കെതിരെയുള്ള കുറ്റങ്ങൾ. മസ്ജിദ് പരിപാലന കമ്മിറ്റി അംഗമായ അഡ്വ. സഫർ അലിക്കെതിരെയും കുറ്റപത്രത്തിൽ ആരോപണങ്ങളുണ്ട്. അതേസമയം, പൊലീസിന്‍റെ ആരോപണങ്ങൾ സിയാവുർ റഹ്മാൻ തള്ളിക്കളഞ്ഞു. സംഘർഷം നടക്കുന്ന സമയം താൻ സ്ഥലത്തില്ലെന്നും ബംഗളൂരുവിലാണെന്നും എം.പി പറഞ്ഞു.

പൊലീസും ഭരണകൂടവും നടത്തിയ ഗൂഢാലോചനയാണിത്. ഈ സമയം സംസ്ഥാനത്തുപോലും താനില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സർവേയെ വിമർശിച്ച എം.പി, 1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കേണ്ട ചരിത്ര നിർമിതിയാണെന്നും കൂട്ടിച്ചേർത്തു. വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. പൊലീസാണ് വെടിയുതിർത്തതെന്നും നീതി തേടി കോടതിയെ സമീപിക്കുമെന്നും കുടുംബങ്ങൾ പറയുന്നു.

നിലവിൽ സംഭൽ സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ്. പുതുതായി അക്രമ സംഭവങ്ങളൊന്നുമുണ്ടായില്ല. സ്കൂളുകളും കടകളും തുറന്നുപ്രവർത്തിച്ചു. അതേസമയം, ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചിട്ടില്ല. പൊലീസും ജില്ല ഭരണകൂടവും സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസിനെയും പ്രശ്നബാധിത കേന്ദ്രങ്ങളിൽ ദ്രുതകർമ സേനയെയും നിയോഗിച്ചു. പുറത്തുനിന്നുള്ളവർ സംഭലിൽ പ്രവേശിക്കുന്നത് നവംബർ 30 വരെ വിലക്കിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ്തല അന്വേഷണം പുരോഗമിക്കുകയാണ്. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ജില്ല പൊലീസ് സൂപ്രണ്ട് കൃഷ്ണ കുമാർ വിഷ്‍ണോയി പറഞ്ഞു. കുഴപ്പമുണ്ടാക്കിയവരെ കണ്ടെത്താൻ സി.സി.ടി.വി കാമറകളും വിഡിയോ ദൃശ്യങ്ങളും പരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sambhal Jama MasjidSambhal ViolenceZia ur Rahman Barq
News Summary - Sambhal MP Zia-ur-Rahman Barq, MLA's son Sohail Mahmood named in FIR
Next Story