ആറ് മാസമായി മീറ്ററിൽ പൂജ്യം യൂണിറ്റ്; വൈദ്യുതി മോഷണത്തിന് സംഭൽ എം.പിക്ക് 1.91 കോടി പിഴ
text_fieldsമീററ്റ്: വൈദ്യുതി മോഷ്ടിച്ചെന്ന കുറ്റത്തിന് സമാജ്വാദി പാർട്ടി നേതാവും സംഭൽ എം.പിയുമായ സിയാവുർ റഹ്മാൻ ബർഖിന് ഉത്തർപ്രദേശ് പവർ കോർപറേഷൻ (യു.പി.പി.സി.എൽ) 1.91 കോടി രൂപ പിഴ ചുമത്തി. പരിശോധനക്കിടെ യു.പി.പി.സി.എൽ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ എം.പിയുടെ പിതാവിനെതിരെ സംഭൽ പൊലീസിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. എംപിയുടെ വസതിയിൽ സ്ഥാപിച്ച രണ്ട് വൈദ്യുതി മീറ്ററുകളിൽ കേടുപാടുകൾ വരുത്തിയതിന്റെ തെളിവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നാല് കിലോവാട്ട് ശേഷിയുള്ള മീറ്ററിൽ സിയാവുർ റഹ്മാന്‍റെ വസതിയിൽ അനധികൃതമായി 16 കിലോവാട്ട് യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് യു.പി.പി.സി.എൽ അസി. എൻജിനീയർ വിനോദ് കുമാർ ഗുപ്ത അറിയിച്ചു. നേരത്തെ വൈദ്യുതി മോഷണം നടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് പഴയ മീറ്ററിന് സമീപം പുതിയ സ്മാർട്ട് മീറ്റർ സ്ഥാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആറ് മാസമായി ‘പൂജ്യം’ യൂണിറ്റാണ് മീറ്ററിൽ കാണാനായത്. മീറ്ററിൽ കൃത്രിമം കാണിച്ചതാണ് ഇതിന് കാരണമെന്നും അധികൃതർ വ്യക്തമാക്കി.
വ്യാഴാഴ്ച മീറ്റർ റീഡിങ്ങും എ.സി ഉൾപ്പെടെയുള്ള വൈദ്യുതോപകരണങ്ങൾ പ്രവർത്തിക്കുന്നത് പരിശോധിക്കുന്നതിനുമായി വകുപ്പ് അധികൃതർ എം.പിയുടെ വസതി സന്ദർശിച്ചിരുന്നു. പരിശോധനയിലാണ് വൈദ്യുത മോഷണം കണ്ടെത്തിയത്. വസതിയിൽ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിലൂടെയാണ് കൂടുതൽ വൈദ്യുതി എടുക്കുന്നതെന്നും എം.പിയുടെ വീട്ടുകാർ അറിയിച്ചു. എന്നാൽ പരിശോധനയിൽ സോളാർ പാനലുകൾ പ്രവർത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയതെന്ന് വൈദ്യുത വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ആറു മാസമായി എംപിയുടെ വസതിയിലെ വൈദ്യുത ബിൽ പൂജ്യമായിരുന്നു. വൈദ്യുത മോഷണ നിരോധന നിയമത്തിലെ 136ാം വകുപ്പുപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ജില്ലാ വൈദ്യുത സമിതിയുടെ ചെയർമാൻ കൂടിയായ എം.പിയുടെ വസതിയിലേക്കുള്ള വൈദ്യുത കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തു. നവംബർ 24ന് സംഭലിലെ ഷാഹി ജമാ മസ്ജിദിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് സിയാവുർ റഹ്മാനെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.