സംഭാൽ അക്രമം: ‘ജയ്ശ്രീറാം’ മുദ്രാവാക്യത്തിലേക്കും പൊലീസിന്റെ പങ്കിലേക്കും വിരൽചൂണ്ടി പ്രതിപക്ഷ എം.പിമാർ
text_fieldsലക്നോ: യു.പിയിലെ സംഭാലിൽ വെടിവെപ്പിൽ നാലു പേരുടെ ജീവൻ അപഹരിക്കുന്നതിനിടയാക്കിയ അക്രമത്തിൽ ‘ജയ്ശ്രീറാം’ മുദ്രാവാക്യവും പൊലീസ് ഉന്നതരുമാണ് പ്രകോപനമുണ്ടാക്കിയതെന്ന ആരോപണവുമായി പ്രതിപക്ഷ എം.പിമാർ. ഞായറാഴ്ച കോടതി നിയോഗിച്ച സർവേ കമീഷൻ സംഭാലിലെ ജുമാമസ്ജിദിലേക്കു പോകവെ അനുഗമിച്ച ചിലർ മുസ്‍ലിംകളെ പ്രകോപിപ്പിക്കുന്നതിനായി ‘ജയ് ശ്രീറാം’ എന്ന വിജയാഹ്ലാദം മുഴക്കിയെന്നും മുതിർന്ന പൊലീസിന്റെയും ജില്ലാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ഇതെന്നും അവർ പറഞ്ഞു. സംഭവത്തിൽ സുപ്രീംകോടതി ഇടപെടണമെന്നും ഭരണകൂടം വഹിച്ച പങ്ക് പരിശോധിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
മുഗൾ ചക്രവർത്തി ബാബർ ഹരിഹർ മന്ദിർ തകർത്ത് പള്ളി പണിതുവെന്ന അവകാശവാദം ഉന്നയിച്ച ഹരജികളിൽ കോടതി ഉത്തരവനുസരിച്ച് നടന്ന സർവേക്കിടയിലാണ് അക്രമ സംഭവങ്ങൾ. കമീഷനൊപ്പമുണ്ടായിരുന്ന ചിലർ ‘ജയ് ശ്രീറാം’ വിളിച്ചുകൊണ്ടിരുന്നു. പ്രദേശവാസികൾ ഇതിനെ എതിർത്തതോടെ പൊലീസ് വെടിയുതിർക്കുകയും നാലുപേരെ കൊല്ലുകയും ചെയ്തു. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർക്കാർ കണ്ടെത്തി അവരെ ജയിലിലടക്കണം. -സംഭാൽ എം.പിയും സമാജ്‌വാദി പാർട്ടി നേതാവുമായ സിയാവുർ റഹ്മാൻ ബർഖ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോടതി നിയോഗിച്ച കമീഷണറെ അനുഗമിച്ചവരിൽ പ്രാദേശിക അഭിഭാഷകൻ രാമൻ രാഘവ്, സഹ കമീഷൻ അംഗങ്ങൾ (കൂടുതലും അഭിഭാഷകർ), ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പൈസിയ, പോലീസ് സൂപ്രണ്ട് കൃഷ്ണ കുമാർ എന്നിവരും ഉണ്ടായിരുന്നു. എന്നാൽ അജ്ഞാതരായ പലരും ഇവർക്കൊപ്പം സ്വന്തം നിലയിൽ അണിചേർന്നിരുന്നതായാണ് വിവരം. നയീം, ബിലാൽ, നൗമാൻ, മുഹമ്മദ് കൈഫ് എന്നിവരാണ് മരിച്ചത്. ജനക്കൂട്ടത്തിനുള്ളിൽ നിന്നുള്ള വെടിവെപ്പാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസ് വാദം. പൊലീസ് വെടിവെപ്പിലാണ് അവർ മരിച്ചതെന്ന് നാട്ടുകാരും ആരോപിച്ചു.
മസ്ജിദ് മാനേജ്‌മെന്‍റിനെ അറിയിക്കാതെ ഞായറാഴ്ച അതിരാവിലെ തന്നെ സർവേ സംഘം പള്ളിയിൽ എത്തിയെന്നും പ്രശ്‌നം ഇളക്കിവിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്നും സമാജ്‌വാദി പാർട്ടി ആരോപിച്ചു. ചില കമീഷൻ അംഗങ്ങൾ പൊലീസിനൊപ്പം പള്ളിയിലേക്ക് നടക്കുന്നതും അവരെ അനുഗമിക്കുന്ന ഒരു ജനക്കൂട്ടം ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്നതും കാണിക്കുന്നുവെന്ന് സമാജ്‌വാദി പ്രസിഡന്‍റും എം.പിയുമായ അഖിലേഷ് യാദവ് ‘എക്‌സി’ൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് കുറിച്ചു. സർവേയുടെ പേരിൽ സംഘർഷമുണ്ടാക്കാൻ ഗൂഢാലോചന നടത്തി. സാമൂഹിക സൗഹാർദം തകർക്കാൻ മുദ്രാവാക്യം വിളിച്ച ആൾക്കൂട്ടത്തെ തങ്ങളോടൊപ്പം പള്ളിയിലേക്ക് കൊണ്ടുപോയവർക്കെതിരെ സുപ്രീംകോടതി ഉടൻ നടപടിയെടുക്കണം. സർവേ കമീഷനിലെ അഭിഭാഷകർക്കെതിരെ ബാർ അസോസിയേഷനും അച്ചടക്ക നടപടി സ്വീകരിക്കണം -അഖിലേഷ് ആവശ്യപ്പെട്ടു.
അതിനിടെ, നാഗിനയിൽ നിന്നുള്ള ആസാദ് സമാജ് പാർട്ടി എം.പി ചന്ദ്രശേഖർ ഇരകളുടെ കുടുംബങ്ങളെ കാണാൻ സംഭാലിലേക്ക് പോകുമ്പോൾ തിങ്കളാഴ്ച ഹാപൂരിൽ പൊലീസ് തടഞ്ഞു. ‘ജുമാ മസ്ജിദിലേക്ക് കോടതി കമീഷണറെ അനുഗമിച്ച ആളുകൾ വർഗീയ മുദ്രാവാക്യം വിളിച്ചു എന്നത് നമുക്കെല്ലാവർക്കും അറിയാം. ജനക്കൂട്ടത്തിനുനേരെ പൊലീസ് വെടിയുതിർത്ത രീതി ഭയപ്പെടുത്തുന്നതായിരുന്നു’ വെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാന സർക്കാറിന്‍റെ സമീപനം ദൗർഭാഗ്യകരമാണെന്നും സുപ്രീംകോടതി വിഷയം മനസ്സിലാക്കി നീതി ലഭ്യമാക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറിയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പിയുമായ പ്രിയങ്ക ഗാന്ധി ‘എക്‌സി’ൽ കുറിച്ചു. ഇരുപക്ഷത്തെയും കേൾക്കാതെയും അവരെ വിശ്വാസത്തിലെടുക്കാതെയും ഭരണകൂടം തിടുക്കത്തിൽ പെരുമാറിയ രീതി കാണിക്കുന്നത് സർക്കാർ തന്നെ അന്തരീക്ഷം വികൃതമാക്കിയെന്നാണെന്നും അവർ എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.