സ്വവർഗ ബന്ധം കുഴപ്പമില്ല, പക്ഷേ സ്വവർഗ വിവാഹം വേണ്ട; ബി.ജെ.പി നേതാവ് സുശീൽ മോദി
text_fieldsന്യൂഡൽഹി: സ്വവർഗ ബന്ധങ്ങൾ അംഗീകരിക്കാമെങ്കിലും സ്വവർഗ വിവാഹം അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി നേതാവ് സുശീൽ മോദി. എൻ.ഡി ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുശീൽ അഭിപ്രായപ്രകടനം നടത്തിയത്. സ്വവർഗ വിവാഹങ്ങൾ സ്വീകാര്യമാണെങ്കിലും, അത്തരം വിവാഹങ്ങൾ അനുവദിക്കുന്നത് വിവാഹമോചനവും ദത്തെടുക്കലും ഉൾപ്പെടെ ഒന്നിലധികം തലങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ സ്വവർഗ വിവാഹത്തിനെതിരെ സംസാരിച്ച ബി.ജെ.പിയുടെ നേതാവാണ് സുശീൽ മോദി.
'ഏതൊരു നിയമവും രാജ്യത്തിന്റെ പാരമ്പര്യങ്ങളുമായും സംസ്‌കാരങ്ങളുമായും ഇണങ്ങിച്ചേരണം. ഇന്ത്യൻ സമൂഹം എന്താണെന്നും ജനങ്ങൾ അത് അംഗീകരിക്കാൻ തയ്യാറാണോ എന്നും നാം വിലയിരുത്തണം. സ്വവർഗ ബന്ധങ്ങൾ കുറ്റകരമല്ലാതാക്കിയിരിക്കുന്നു. എന്നാൽ വിവാഹം ഒരു പവിത്ര സംഗതിയാണ്. സ്വവർഗ ദമ്പതികൾ ഒരുമിച്ച് താമസിക്കുന്നത് ഒരു കാര്യമാണ്. എന്നാൽ അവർക്ക് നിയമപരമായ പദവി നൽകുന്നത് മറ്റൊരു കാര്യമാണ്' -അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ സത്യവാങ്മൂലത്തിൽ സുപ്രീം കോടതിയിൽ ഇതിനെ എതിർത്തിട്ടുണ്ടെന്നും അദ്ദേഹം എൻ.ഡി ടി.വിയോട് പറഞ്ഞു.
സ്വവർഗ വിവാഹത്തിൽ നിരവധി പ്രശ്‌നങ്ങളുണ്ടെന്ന് മോദി പറഞ്ഞു. "ഒരുപാട് നിയമങ്ങൾ മാറ്റേണ്ടിവരും. വിവാഹമോചന നിയമം, മെയിന്റനൻസ് ആക്ട്, സ്പെഷ്യൽ മാര്യേജ് ആക്ട്. പിന്തുടർച്ചയുടെ കാര്യമോ, ദത്തെടുക്കലിന്റെ കാര്യമോ, വിവാഹമോചനത്തിന്റെ കാര്യമോ? ഒരുപാട് പ്രശ്നങ്ങളുണ്ട്. ഇന്ത്യയെ പാശ്ചാത്യ രാജ്യം പോലെയാക്കരുത്, ഇന്ത്യയെ അമേരിക്ക പോലെയാക്കരുത്" -അദ്ദേഹം പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോൾ, "ഇടതുപക്ഷക്കാരും ലിബറൽ വാദികളുമായ ആളുകളുമായി എനിക്ക് സംവാദം നടത്താൻ കഴിയില്ല, ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്" -മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.