സമീർ വാംഗഡെ രാഷ്ട്രീയത്തിലേക്ക്? ബി.ജെ.പി -ആർ.പി.ഐ സ്ഥാനാർഥി ആയേക്കുമെന്ന് സൂചന
text_fieldsമുംബൈ: ആഡംബരക്കപ്പലിലെ മയക്കുമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത് വിവാദത്തിലായ മുംബൈ എൻസിബി മുൻ ഡയറക്ടർ സമീർ വാംഗഡെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി സൂചന. ബി.ജെ.പിയുടെ സഖ്യകക്ഷിയും കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയുടെ പാർട്ടിയുമായ റിപബ്ലിക്കൻ പാർട്ടി (ആർ.പി.ഐ)യുടെ ബാനറിൽ പൊതുരംഗത്തേക്ക് ഇറങ്ങാനാണ് നീക്കമെന്നാണ് അഭ്യുഹം.
ഇതിനുമുന്നോടിയായി ജന്മനാടായ വാഷിം ജില്ലയിലെ വരൂഡ്ടോഫയിൽ വൻ ദീപാവലി ആഘോഷം സംഘടിപ്പിച്ചു. രാംദാസ് അത്താവാലെയായിരുന്നു മുഖ്യാതിഥി. മൂന്നുദിവസമാണ് സമീറും ഭാര്യയും ഇവിടെ ചെലവഴിച്ചത്. കൂടാതെ പ്രാദേശിക പത്രങ്ങളിൽ പൊതുജനങ്ങൾക്ക് ദീപാവലി ആശംസ നേർന്ന് മുഴുപ്പേജ് പരസ്യവും നൽകിയിട്ടുണ്ട്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വാഷിം മണ്ഡലത്തിൽ ബി.ജെ.പി- ആർ.പി.ഐ സഖ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിക്കാനാണ് സമീർ വാംഖഡെയുടെ നീക്കമെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.
മുംബൈ നാർക്കോട്ടിക് ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു സമീർ വാംഗഡെ. വിവാദങ്ങളിൽനിന്ന് വിവാദങ്ങളിലേക്കായിരുന്നു ഇദ്ദേഹത്തിന്റെ ഇടപെടൽ മുഴുവൻ. കോളിളക്കം സൃഷ്ടിച്ച ആഡംബരകപ്പലിലെ ലഹരി കേസിൽ ആര്യൻ ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനുപിന്നാലെ സമീർ വാംഗഡെയെ നാർക്കോട്ടിക് വിഭാഗത്തിൽ നിന്ന് സ്ഥലം മാറ്റി. ഇതേ വിഷയത്തിൽ സമീർ വാംഗഡെയും അന്നത്തെ എൻസിപി മന്ത്രി നവാബ് മാലിക്കും തമ്മിലുള്ള തർക്കം കോടതി കയറിയിരുന്നു.
മറാത്തി നടി ക്രാന്തി റെഡ്കറാണ് സമീർ വാംഗഡെയുടെ ഭാര്യ. 2017ലായിരുന്നു ഇവരുടെ വിവാഹം. ഇരുവരുടെയും ചിത്രം വെച്ചാണ് ദീപാവലി ആശംസാ പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.