നവാബ് മാലിക്കിനെതിരെ പരാതി നൽകി സമീർ വാങ്കഡെയുടെ പിതാവ്; എസ്.സി/എസ്.ടി നിയമപ്രകാരമാണ് പരാതി
text_fieldsമുംബൈ: മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്കിനെതിരെ പരാതി നൽകി സമീർ വാങ്കഡെയുടെ പിതാവ്. എസ്.സി/എസ്.ടി നിയമപ്രകാരവും ക്രിമിനൽ വകുപ്പുകൾ പ്രകാരവുമാണ് പരാതി നൽകിയിരിക്കുന്നത്.
മുംബൈ ഓഷിവാര ഡിവിഷനിലെ അസിസ്റ്റൻറ് കമീഷണർക്കാണ് ധ്യാൻദേവ് കച്രുജി വാങ്കഡെ പരാതി നൽകിയത്. മുംബൈ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ സോണൽ ഡയറക്ടറാണ് സമീർ വാങ്കഡെ.
തന്‍റെ കുടുംബത്തിനും സമുദായത്തിനുമെതിരെ അപകീർത്തികരമായതും തെറ്റായതും ദുഷ്പേരുണ്ടാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. താൻ മഹർ വിഭാഗത്തിൽപ്പെട്ട വ്യക്തിയാണെന്നും ഇത് എസ്.സി വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്നും സർക്കാർ അധികൃതർ നൽകിയ ജാതി സർട്ടിഫിക്കറ്റ് ഇതിന് തെളിവാണെന്നും ധ്യാൻദേവിന്‍റെ പരാതിയിൽ പറയുന്നു.
മാലിക്കിന്‍റെ മരുമകൻ സമീർ ഖാൻ മയക്കുമരുന്ന് കേസിൽ എട്ടുമാസം ജയിലിൽ കഴിഞ്ഞതിന്‍റെ പ്രതികാരം തീർക്കുന്നതിനാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.
വിശ്വസനീയമായ തെളിവുകളോ രേഖകളോ ഇല്ലാതെ തന്‍റെ കുടുംബത്തിന്‍റെ ജാതിയെക്കുറിച്ച് നവാബ് മാലിക് മനപൂർവം പ്രസ്താവനകൾ ഇറക്കുകയായിരുന്നു. മാലിക് നടത്തിയ ആരോപണങ്ങളുടെ വിഡിയോകളും വാർത്തകളും തൻെറ പക്കലുണ്ടെന്നും ആവശ്യമെങ്കിൽ ഹാജരാക്കാമെന്നും പരാതിയിൽ പറയുന്നു.
നവാബ് മാലിക് തന്‍റെ മകൾ യാസ്മീനെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുകയും അവളുടെ സമ്മതം കൂടായെ നിയമവിരുദ്ധമായി സ്വകാര്യ ഫോട്ടോകൾ എടുക്കുകയും പ്രിന്‍റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തിയെന്നും ധ്യാൻദേവ് ആരോപിച്ചു. സമീർ ഖാനെതിരായ എൻ.സി.ബിയുടെ അന്വേഷണം തടസപ്പെടുത്താൻ തന്‍റെ കുടുംബത്തിന് േനരെ ഭീഷണി ഉപയോഗിക്കുകയാണെന്നും ധ്യാൻദേവിന്‍റെ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.