നിഹാങ്കുകളെ സമരവേദിയിൽനിന്ന് പുറംതള്ളി സംയുക്ത കിസാൻ മോർച്ച
text_fieldsന്യൂഡൽഹി: കർഷക സമരവേദികളിൽ സജീവമായുള്ള സിഖ് സായുധ വിഭാഗമായ നിഹാങ്കുകളെ പുറംതള്ളി സംയുക്ത സമരസമിതി. ഒക്ടോബർ 15ന് സിംഘു അതിർത്തിയിൽ പഞ്ചാബിലെ തരണ്തരണ് സ്വദേശി ലഖ്ബീര് സിങ്ങിനെ കൊലപ്പെടുത്തി ബാരിക്കേഡിൽ തൂക്കിയ സംഭവത്തിലാണ് കർശന നടപടികളുമായി സമരസമിതി രംഗത്തുവന്നത്.
സിംഘു കൊലപാതകത്തിൽ പങ്കുള്ള ഒരു സംഘടനക്കും സമരസ്ഥലങ്ങളിൽ ഇടമില്ലെന്ന് സംയുക്ത കിസാൻ മോർച്ച ജനറൽ ബോഡി പ്രഖ്യാപിച്ചു. കൊലപാതകം സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. അക്രമത്തിൽ പങ്കുള്ള നിഹാങ്ക് വിഭാഗത്തിെൻറ നേതാക്കളുമായി കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, കൈലാശ് ചൗധരി എന്നിവർ ചർച്ച നടത്തുന്നതിെൻറ തെളിവ് പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിെൻറ ഗൂഢാലോചന പുറത്തുവരണമെന്നും ചർച്ച നടത്തിയ മന്ത്രിമാർ രാജിവെക്കണമെന്നും സമരസമിതി വ്യക്തമാക്കി. പഞ്ചാബിൽനിന്നുള്ള 32 കർഷക സംഘടനകൾ സിംഘു അതിർത്തിയിൽ യോഗം ചേർന്ന് കൊലപാതകം അന്വേഷിക്കാൻ അഞ്ചംഗ സമിതി രൂപവത്കരിച്ചു.
കേസ് അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സമരവേദിയിലെ ഗുരുദ്വാരക്കുള്ളില് സൂക്ഷിച്ച വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിനെ അവഹേളിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ നിഹാങ്കുകൾ കൊലപ്പെടുത്തിയത്. ലഖിംപുർ കർഷക കൂട്ടക്കൊലയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 26ന് ലഖ്നോവിൽ പ്രഖ്യാപിച്ച കർഷക മഹാപഞ്ചായത്ത് നവംബർ 22ലേക്ക് നീട്ടിവെക്കാനും ജനറൽ ബോഡി തീരുമാനിച്ചു. പ്രതികൂല കാലാവസ്ഥ കാരണമാണ് നീട്ടിവെക്കുന്നത്. മറ്റു സമരപരിപാടികൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.