കർഷക സമരത്തിനെതിരെ പ്രതികാര നടപടിയെന്ന് സംയുക്ത കിസാൻ മോർച്ച
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിന് വിരുദ്ധമായി ഡൽഹിയിൽ സമരത്തിന് വന്ന കർഷകർക്കെതിരെ പൊലീസ് പ്രതികാര നടപടിയുമായി ഇറങ്ങിയിരിക്കുകയാണെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ കുറ്റപ്പെടുത്തി. കർഷകർക്കും സമര നേതാക്കൾക്കും ഡൽഹി പൊലീസും പഞ്ചാബ് പൊലീസും അയച്ച നോട്ടീസുകൾ ഇതിന്‍റെ ഭാഗമാണെന്നും സമര നേതാക്കൾ ഡൽഹി പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ഇത്തരമൊരു നീക്കത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി എടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി മാപ്പു പറയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കർഷകർക്കും സമരനേതാക്കൾക്കും നോട്ടീസ് അയച്ച ഡൽഹി പൊലീസ് കർഷക നേതാവായ യുധ്‍വീർ സിങ്ങിനെ കസ്റ്റഡിയിലെടുത്തെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. എന്തിനാണ് ട്രാക്ടറുമായി ഡൽഹിയിൽ വന്നതെന്ന് വ്യക്തമാക്കണമെന്നാണ് ചില കർഷകർക്ക് അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നാലു ലക്ഷം ട്രാക്ടറുകളുമായി തലസ്ഥാനത്തെത്തി കർഷകർ നടത്തിയ സമരത്തിൽ പ്രതികാര നടപടിയായി എത്ര പേർക്ക് ഡൽഹി പൊലീസ് നോട്ടീസ് അയക്കുമെന്ന് രാകേഷ് ടികായത്ത് ചോദിച്ചു.
മൂന്ന് ആവശ്യങ്ങളാണ് സംയുക്ത കിസാൻ മോർച്ചക്കുള്ളതെന്ന് മലയാളിയായ സംയുക്ത കിസാൻ മോർച്ച നേതാവ് പി. കൃഷ്ണ പ്രസാദ് പറഞ്ഞു. ഇതിനകം പൊലീസ് കർഷകർക്ക് അയച്ച നോട്ടീസുകൾ പരസ്യപ്പെടുത്തണമെന്നാണ് ഒരാവശ്യം. സമരം നിർത്തുമ്പോൾ നൽകിയ ഉറപ്പ് പാലിച്ച് മുഴുവൻ കേസുകളും പിൻവലിക്കുകയാണ് രണ്ടാമത്തെ ആവശ്യം. കർഷകർക്കെതിരെ പ്രതികാര നടപടി എടുത്തതിൽ കേന്ദ്ര ആഭ്യന്തര മന്ത്രി മാപ്പു പറയുകയും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും അവർക്കൊപ്പം ഗൂഢാലോചന നടത്തിയവർക്കുമെതിരെ നടപടി എടുക്കുകയും ചെയ്യണമെന്നാണ് മൂന്നാമത്തെ ആവശ്യമെന്നും പി. കൃഷ്ണപ്രസാദ് പറഞ്ഞു.
ദർശൻ പാൽ, പ്രേം സിങ്, സത്യവാൻ എന്നീ നേതാക്കളും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.