സനാതന വിമർശനം: കടുപ്പം കൂട്ടി ഡി.എം.കെ; തള്ളി കോൺഗ്രസ്
text_fieldsചെന്നൈ: തന്റെ ‘സനാതന ധർമ’ വിമർശനത്തെ ബി.ജെ.പി ദേശീയതലത്തിൽ രാഷ്ട്രീയമായി ഉപയോഗിച്ചുതുടങ്ങിയിട്ടും കോൺഗ്രസ് തള്ളിപ്പറഞ്ഞിട്ടും പറഞ്ഞതിൽ ഉറച്ചും ജാതി വിമർശനം കടുപ്പിച്ചും തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനും ഡി.എം.കെയും.
ഉദയനിധിയുടെ പ്രസ്താവനക്ക് അനുയോജ്യ മറുപടി നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന്ത്രിസഭാംഗങ്ങളോട് ആഹ്വാനം ചെയ്തതിനു പിന്നാലെ മോദിയെ പരിഹസിച്ചും തന്റെ നിലപാട് ആവർത്തിച്ചും ഉദയനിധി വ്യാഴാഴ്ച രംഗത്തുവന്നു.
ബി.ജെ.പി നേതാക്കൾ തന്റെ പ്രസ്താവന വളച്ചൊടിച്ച് നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്നും മണിപ്പൂർ വംശഹത്യയെ കുറിച്ചുള്ള ചോദ്യമൊഴിവാക്കാൻ പ്രധാനമന്ത്രി ഉലകം ചുറ്റുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ‘‘ആദരണീയമായ പദവികളിലിരുന്ന് എനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും അധിക്ഷേപം ചൊരിയുകയും ചെയ്യുന്നതിനെതിരെ ഞാനും നിയമനടപടി സ്വീകരിക്കും.
അവർ നൽകിക്കൊണ്ടിരിക്കുന്ന കേസുകളെ നേരിടുകയും ചെയ്യും’’ -കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിവിധ ബി.ജെ.പി മുഖ്യമന്ത്രിമാരും തനിക്കെതിരെ നടത്തുന്ന പരാമർശങ്ങൾ സൂചിപ്പിച്ച് ഉദയനിധി പറഞ്ഞു. ഉദയനിധിയെ പിന്തുണച്ച് പിതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും ‘സനാതന’ത്തെ കഠിനമായി വിമർശിച്ച് മുതിർന്ന നേതാവ് എ. രാജയും രംഗത്തുവന്നു.
അതേസമയം, ഉദയനിധിയുടെയും രാജയുടെയും പരാമർശങ്ങളെ അംഗീകരിക്കുന്നില്ലെന്നും ‘സർവമത സമഭാവ’ത്തിലാണ് കോൺഗ്രസ് വിശ്വസിക്കുന്നതെന്നും പാർട്ടി പ്രതികരിച്ചു. കോൺഗ്രസും ‘ഇൻഡ്യ’ മുന്നണിയിലെ മറ്റു പാർട്ടികളും എല്ലാ വിശ്വാസങ്ങളെയും ആദരവോടെയാണ് കാണുന്നതെന്നും പാർട്ടി വക്താവ് പവൻ ഖേര വ്യാഴാഴ്ച വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ജാതീയത നിലനിൽക്കണമെന്ന് ഉദ്ഘോഷിക്കുന്നതാണ് സനാതന ധർമമെന്നും അത് പകർച്ചവ്യാധി പോലെയാണെന്നുമുള്ള ഉദയനിധിയുടെ വിമർശനം കുറഞ്ഞുപോയെന്നും സമൂഹം വെറുപ്പോടെ കാണുന്ന എച്ച്.ഐ.വിയും കുഷ്ഠവും പോലെയാണ് ഇത്തരം വിവേചനമെന്നുമാണ് മുതിർന്ന നേതാവായ എ. രാജ പ്രതികരിച്ചത്.
അതേസമയം, സനാതന ധർമത്തിലെ വിവേചനത്തെ പറ്റിയാണ് ഉദയനിധി സംസാരിച്ചതെന്നും ഏതെങ്കിലും മതത്തേയോ വിശ്വാസത്തേയോ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സ്റ്റാലിൻ പ്രതികരിച്ചു.
ഉദയനിധിയുടെ വിമർശനത്തെ വ്യാജ ആഖ്യാനങ്ങൾ കൊണ്ടുവന്ന് ബി.ജെ.പി വഴിതിരിച്ചുവിടുകയാണെന്നും വംശഹത്യയെന്ന പദം ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. എന്നാൽ, ഉദയനിധിക്കു പിന്നാലെ വന്ന എ. രാജയുടെ പ്രസ്താവന അധാർമികവും അധിക്ഷേപകരവുമാണെന്നും ‘ഇൻഡ്യ’ മുന്നണിയുടെ മാനസിക പാപ്പരത്തമാണ് തെളിയുന്നതെന്നും ബി.ജെ.പി വിമർശിച്ചു. മുന്നണിക്ക് അതികഠിനമായ ‘ഹിന്ദുഫോബിയ’ ആണെന്നും പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ ധർമേന്ദ്ര പ്രധാൻ ‘എക്സി’ൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.