സനാതന ധർമ പരാമർശം: നിരീശ്വരവാദം തുടരാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്ന് ഉദയനിധി സ്റ്റാലിൻ കോടതിയിൽ
text_fieldsചെന്നൈ: സനാതന ധർമത്തിനെതിരായ പരാമർശത്തിൽ തനിക്കെതിരെ നൽകിയ പരാതിയെ ചോദ്യം ചെയ്ത് തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. ഉദയനിധിക്കു വേണ്ടി മുതിർന്ന അഭിഭാഷകനായ പി. വിൽസൻ ആണ് മദ്രാസ് ഹൈകോടതിയിൽ ഹാജരായത്.
മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 25, നിരീശ്വരവാദം തുടരാനും പ്രചരിപ്പിക്കാനും അവകാശം നൽകുന്നുണ്ടെന്ന് അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. തീവ്രഹിന്ദു വിഭാഗം ഹരജി നൽകിയത് പ്രത്യയശാസ്ത്രപരമായ ഭിന്നത മൂലമാണെന്നും ഹരജിക്കാർ ഹിന്ദു വലതുപക്ഷ സംഘടനയാണെന്നും അഭിഭാഷകൻ വ്യക്തമാക്കി. വലതുപക്ഷ ഹിന്ദു സംഘടനയായ ഹിന്ദുമുന്നണിയാണ് ഉദയനിധി സ്റ്റാലിനെതിരെ കോടതിയെ സമീപിച്ചത്.
അവരുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണ് ഡി.എം.കെയുടേത്. ഡി.എം.കെ ദ്രാവിഡ പ്രത്യയ ശാസ്ത്രത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ആത്മാഭിമാനം, സമത്വം, യുക്തിസഹമായ ചിന്തകൾ, സാഹോദര്യം എന്നിവയെക്കുറിച്ചാണ് പാർട്ടി സംസാരിക്കുന്നത്. എന്നാൽ എതിർവിഭാഗം ജാതിയുടെ അടിസ്ഥാനത്തിൽ വിഭജനത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഹരജിയിൽ അടുത്ത വാദം കേൾക്കുന്നത് ജഡ്ജി ഒക്ടോബർ 31ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.