'സനാതന ധർമം രാജ്യത്തിന്റെ ദേശീയ മതം'; മഹാകുംഭ് സർക്കാർ പരിപാടിയാക്കിയത് ഒരു അപരാധമാണെങ്കിൽ ആ അപരാധം ഇനിയും ആവർത്തിക്കുമെന്ന് യോഗി ആദിത്യനാഥ്
text_fieldsയോഗി ആദിത്യനാഥ്
ന്യൂഡൽഹി: സനാതന ധർമം രാജ്യത്തിന്റെ ദേശീയ മതമാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാകുംഭ് സർക്കാർ പരിപാടിയാക്കിയത് ഒരു അപരാധമാണെങ്കിൽ ആ അപരാധം ഇനിയും ആവർത്തിക്കമെന്നും യോഗി നിയമസഭയിൽ പറഞ്ഞു.
സമാജ്‍വാദി പാർട്ടിയും കോൺഗ്രസും ആർ.ജെ.ഡിയും ടി.എം.സിയു ഏറ്റവു വലിയ ഹിന്ദു മേളയെയാണ് അനാദരിക്കുന്നതെന്ന് യോഗി കുറ്റപ്പെടുത്തി. രോഗം ബാധിച്ച വ്യക്തിക്ക് ചികിൽസയുണ്ടെന്നും എന്നാൽ രോഗം ബാധിച്ച ചിന്താഗതിക്ക് ചികിത്സയില്ലെന്നും യോഗി തുടർന്നു.
നിരവധി തീർഥാടകരുടെ മരണത്തിനിടയാക്കി യോഗി ആദിത്യനാഥ് സർക്കാറും ബി.ജെ.പിയും ‘മഹാ കുംഭി’നെ ‘മുത്യു കുംഭ്’ ആക്കി മാറ്റിയെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിമർശനത്തെ തുടർന്നാണ് യോഗി നിയമസഭയിൽ പ്രസ്താവന നടത്തിയത്. മമതയുടെ പ്രസ്താവനയെ പിന്തുണച്ച് സമാജ്‍വാദ പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തുകയും ചെയ്തിരുന്നു. ജനങ്ങൾ മരണപ്പെട്ടുവെന്നത് യാഥാർഥ്യമാണെന്നും അത് തീർഥാടകർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്താത്ത് കൊണ്ട് സംഭവിച്ചതാണെന്നും അഖിലേഷ് പറഞ്ഞു.
പ്രയാഗ് രാജിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജനുവരി 30ന് 29 പേർ മരണപ്പെട്ട സംഭവം മുൻനിർത്തിയായിരുന്നു മമതയുടെ പരാമർശം. ''ഈ മൃത്യു കുംഭമേള, മഹാ കുംഭമേളയെ ബഹുമാനിക്കുന്നു. ഗംഗാ മാതാവിനെയും ബഹുമാനിക്കുന്നു. എന്നാൽ ഇവിടെ ഒന്നിനും ആസൂത്രണമില്ല. എത്രപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.''-എന്നായിരുന്നു മമത പറഞ്ഞത്.
ഇതിനു മറുപടി പറയവെയാണ് നിങ്ങൾ വിശ്വാസം കൊണ്ടാണ് കളിക്കുന്നതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയെന്ന് യോഗി ആദിത്യനാഥ് പ്രതികരിച്ചത്.
ആഗോള പരിപാടിയായ മഹാകുംഭമേളക്കെതിരെ അടിസ്ഥാന രഹിതമായ പ്രചാരണങ്ങളാണ് ഓരോ ദിവസവം നടന്നുകൊണ്ടിരിക്കുന്നതെന്നും കുംഭമേളക്ക് പ്രത്യേക പാർട്ടിയുമായോ സംഘടനയുമായോ ബന്ധമില്ലെന്നും യോഗി പറഞ്ഞു. ഇതുവരെയായി 56.25 കോടി ഭക്തർ പ്രയാഗ് രാജിലെത്തി സ്നാനം പൂർത്തിയാക്കി കഴിഞ്ഞു. മഹാകുഭമേള നടത്താൻ സാധിച്ചത് തന്റെ സർക്കാറിന്റെ ഭാഗ്യമായി കരുതുന്നുവെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.