ഭീകര പ്രവർത്തനങ്ങൾക്കുപിന്നിൽ സംഘ്പരിവാർ
text_fieldsമുംബൈ: രാജ്യത്തെ ഭീകരവാദ പ്രവർത്തനങ്ങൾക്കു പിന്നിൽ സംഘ്പരിവാറാണെന്ന് വെളിപ്പെടുത്തി ആർ.എസ്.എസ് പ്രവർത്തകൻ നൽകിയ ഹരജി നാന്ദേഡ് സെഷൻ കോടതി 22ന് പരിഗണിക്കും.
ഹരജിയിൽ അന്നേ ദിവസം മറുപടി നൽകാൻ 2006ലെ നാന്ദേഡ് സ്ഫോടന കേസിൽ വാദം കേൾക്കുന്ന സെഷൻസ് കോടതി ജഡ്ജി അശോക് ആർ ധമേച്ച സർക്കാറിനോട് ആവശ്യപ്പെട്ടു.
ഭീകരപ്രവർത്തനങ്ങൾക്കായി യുവാക്കളെ സൈനിക പരിശീലനത്തിന് എത്തിക്കുകയും ബോംബ് നിർമാണ, സ്ഫോടന പരിശീലനത്തിൽ ഭാഗമാകുകയും ചെയ്തതായി അവകാശപ്പെട്ട് മുംബൈയിലെ ബിസിനസുകാരൻ യശ്വന്ത് ഷിൻഡെ നൽകിയ ഹരജിയിലാണ് നടപടി.
പ്രോസിക്യൂഷൻ വാദത്തിന് ശേഷം ഹരജി സ്വീകരിക്കുന്ന കാര്യം കോടതി തീർപ്പാക്കുമെന്ന് യശ്വന്ത് ഷിൻഡെയുടെ അഭിഭാഷകർ പറഞ്ഞു. ബി.ജെ.പിയുടെ രാഷ്ട്രീയനേട്ടത്തിനായി ആർ.എസ്.എസും ബജ്റംഗ് ദളും, വി.എച്ച്.പിയും രാജ്യത്ത് ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നാണ് യശ്വന്തിന്റെ ആരോപണം.
മുൻ ഉപമുഖ്യമന്ത്രി എൽ.കെ. അദ്വാനി, ആർ.എസ്.എസ് നേതാക്കൾ മോഹൻ ഭാഗവത്, ഇന്ദ്രേഷ് കുമാർ എന്നിവരുടെ പേരുകളും യശ്വന്ത് തന്റെ സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നുണ്ട്.
സത്യവാങ്മൂലത്തിൽ പരാമർശിച്ച സ്ഫോടന വിവരങ്ങൾ സർക്കാർ രേഖകളിൽ കാണാമെന്നും ഹരജിയിൽ താൻ വെളിപ്പെടുത്തിയ നേതാക്കളുമായി മുഖാമുഖം ചോദ്യംചെയ്യലിന് സന്നദ്ധമാണെന്നും ആവശ്യമായ തെളിവുകൾ സമർപ്പിക്കാമെന്നും യശ്വന്ത് വ്യക്തമാക്കുന്നു.
2006ൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി രണ്ട് ആർ.എസ്.എസ് പ്രവർത്തകർ മരിച്ച കേസിലെ വിചാരണക്കിടെയാണ് തന്നെ സാക്ഷിയാക്കണമെന്നും പ്രധാന ഗൂഢാലോചകരെ പ്രതിചേർക്കണമെന്നും ആവശ്യപ്പെട്ട് യശ്വന്ത് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.