ഗുസ്തി താരങ്ങളുടെ വ്യാജ ചിത്രവുമായി സംഘ്പരിവാർ പ്രചാരണം; പരാതി നൽകുമെന്ന് ബജ്റംഗ് പുനിയ
text_fieldsപുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധ മാർച്ചിനൊരുങ്ങവെ പൊലീസ് കസ്റ്റഡിയിലായ ഗുസ്തി താരങ്ങളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് സംഘ്പരിവാർ. പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ സംഗീത ഫോഗട്ടും വിനേഷ് ഫോഗട്ടും ചിരിക്കുന്ന ചിത്രമാണ് സംഘ്പരിവാർ അനുകൂലികൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇവരുടെ സമരം ഗൗരവത്തിലുള്ളതല്ലെന്നും ഇവർ ചിരിക്കുന്നത് കണ്ടില്ലേയെന്നുമുള്ള കുറിപ്പുകളോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്.
എന്നാൽ, ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി യഥാർഥ ചിത്രവുമായി സമരത്തിന് നേതൃത്വം നൽകുന്ന ഗുസ്തി താരങ്ങളിലൊരാളായ ബജ്റംഗ് പുനിയ ട്വീറ്റുമായി രംഗത്തെത്തി. ഐ.ടി സെല്ലുകാർ വ്യാജ ചിത്രം പ്രചരിപ്പിക്കുകയാണെന്നും ഇത് പോസ്റ്റ് ചെയ്തവർക്കെതിരെ പരാതി നൽകുമെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് നിർമിച്ചതാണെന്നാണ് സൂചന. ഒളിമ്പിക്സ് ചാമ്പ്യന്മാരെ ഇകഴ്ത്താൻ ഇത്തരം വൃത്തികെട്ട രീതികളാണ് ഐ.ടി സെൽ ഉപയോഗിക്കുന്നതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സാക്ഷി മാലിക്, ബജ്റംഗ് പുനിയ, സംഗീത ഫോഗട്ട്, വിനേഷ് ഫോഗട്ട് എന്നിവർ ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങൾ സമരം തുടങ്ങിയത്. പുതിയ പാർലമെന്റിന്റെ ഉദ്ഘാടന ദിവസം ജന്തർ മന്തറിൽനിന്ന് പാർലമെന്‍റിലേക്ക് മാർച്ച് നടത്താനുള്ള താരങ്ങളുടെ നീക്കം പൊലീസ് തടഞ്ഞതോടെ തലസ്ഥാനത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. തുടർന്ന് താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമര വേദിയായിരുന്ന ജന്തര്‍ മന്തറിലെ ടെന്റുകൾ പൊളിച്ചുമാറ്റിയ പൊലീസ് താരങ്ങളുടെ കിടക്കകളും മറ്റും നീക്കം ചെയ്യുകയും ചെയ്തു.
ഗുസ്തി താരങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ‘പട്ടാഭിഷേകം കഴിഞ്ഞു, അഹങ്കാരിയായ രാജാവ് തെരുവിൽ പൊതുജനത്തിന്റെ ശബ്ദം അടിച്ചമർത്തുന്നു!’ എന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.
‘ഗുസ്തി താരങ്ങളുടെ നെഞ്ചിലെ മെഡല്‍ രാജ്യത്തിന്റെ അഭിമാനമാണ്. കഠിനാധ്വാനത്തിലൂടെ കായിക താരങ്ങള്‍ നേടിയെടുത്ത മെഡല്‍ രാജ്യത്തിന്റെ യശ്ശസുയര്‍ത്തി. വനിത താരങ്ങളുടെ ശബ്ദം ബൂട്ടുകള്‍ക്കടിയില്‍ ചവിട്ടിമെതിക്കുന്നത്രയും ബി.ജെ.പി. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം വളര്‍ന്നിരിക്കുന്നു. ഇത് പൂർണമായും തെറ്റാണ്. സര്‍ക്കാരിന്റെ ഈ ധാര്‍ഷ്ട്യവും അനീതിയും രാജ്യം മുഴുവന്‍ കാണുന്നുണ്ട്’ എന്നിങ്ങനെയായിരുന്നു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. താരങ്ങള്‍ക്കെതിരായ പൊലീസ് നടപടിയെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.