ട്രെയിൻ അപകടത്തിന്റെ പേരിലും വർഗീയ പ്രചാരണവുമായി സംഘ്പരിവാർ; പൊളിച്ചടുക്കി സമൂഹ മാധ്യമങ്ങൾ
text_fieldsഒഡിഷയിലെ ബാലസോറിൽ 275 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന്റെ പേരിലും വർഗീയ പ്രചാരണവുമായി സംഘ്പരിവാർ അണികൾ. ‘ഇന്നലെ വെള്ളിയാഴ്ചയായിരുന്നു എന്ന് മാത്രം പറയുന്നു’ എന്ന കുറിപ്പോടെയാണ് അപകടത്തിന്റെ മുകളിൽനിന്നുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെച്ചിരുന്നത്. ചിത്രത്തിൽ അപകട സ്ഥലത്തിന് സമീപത്തുള്ള വെളുത്ത കെട്ടിടം ചൂണ്ടിക്കാട്ടി ഇത് മുസ്‍ലിം പള്ളിയാണെന്നും അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
വീരേന്ദ്ര തിവാരി എന്നയാളാണ് ട്വിറ്ററിൽ ചിത്രം ആദ്യം പോസ്റ്റ് ചെയ്തത്. എന്നാൽ, ചിത്രത്തിലുള്ളത് ബഹാനഗ ഇസ്കോൺ ക്ഷേത്രമാണെന്ന് ചൂണ്ടിക്കാട്ടി ‘ദ ക്വിന്റ്’ ഉൾപ്പെടെയുള്ള മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വാദം പൊളിച്ചതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ചു. റോയിട്ടേഴ്സ് വാർത്ത ഏജൻസിയിൽ നിന്നുള്ള ക്ഷേത്രത്തിന്റെ വ്യക്തമായ ചിത്രം പുറത്തുവിടുകയും ചെയ്തു. 2022 ഡിസംബറിൽ ക്ഷേത്രത്തിന്റെ നിർമാണ സമയത്തുള്ള വിഡിയോയും ഇതിനിടെ പുറത്തുവന്നു.
ബാലസോർ ദുരന്തത്തിന് വർഗീയ നിറം നൽകാൻ സമൂഹ മാധ്യമങ്ങളിൽ ശ്രമമുണ്ടായത് നിർഭാഗ്യകരമാണെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഒഡിഷ പൊലീസ് അറിയിച്ചു. അപകടത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് റെയിൽവേ ബോർഡ് ശിപാർശ ചെയ്തിട്ടുണ്ട്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. റെയിൽവേയിലെ സുരക്ഷ സംബന്ധിച്ച് മൂന്നംഗ സമിതി പഠിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജിയും വന്നിട്ടുണ്ട്.
ട്രെയിൻ ദുരന്തത്തിന്റെ കാരണവും ഉത്തരവാദികളേയും കണ്ടെത്തിയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇലട്രോണിക് ഇന്റർ ലോക്കിങ് സിസ്റ്റത്തിലെ മാറ്റമാണ് അപകട കാരണമെന്നാണ് നിഗമനമെന്നും ഉത്തരവാദികളെ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അപകടമുണ്ടായ മേഖലയിൽ ഗതാഗതം പൂർണമായും പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.