'പത്മ'ക്ക് രാഷ്ട്രീയക്കണ്ണ്; അകമ്പടിയായി വിവാദങ്ങൾ
text_fieldsന്യൂഡൽഹി: പത്മ പുരസ്കാരങ്ങൾക്ക് അർഹരായവരെ നിർണയിച്ചതിൽ മോദിസർക്കാറിെൻറയും സംഘ്പരിവാർ രാഷ്ട്രീയത്തിെൻറയും പ്രത്യേക താൽപര്യം ഇക്കുറിയും പ്രകടമെന്ന് വിമർശനം.
ബാബരി മസ്ജിദ് പൊളിച്ചപ്പോൾ യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാൺസിങ്ങിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചതാണ് ഏറ്റവുമേറെ വിമർശിക്കപ്പെടുന്നത്. പള്ളി പൊളിക്കലിന് അധ്യക്ഷത വഹിച്ച പ്രമുഖ ഹിന്ദുത്വ മുഖമായ കല്യാൺസിങ് ആദരിക്കപ്പെടുന്നത് യു.പി തെരഞ്ഞെടുപ്പ് സമയത്താണ്. പിന്നാക്ക വിഭാഗങ്ങൾ ബി.ജെ.പിയോട് ഇടഞ്ഞു നിൽക്കേ, തെരഞ്ഞെടുപ്പു സമയത്ത് പിന്നാക്ക വിഭാഗക്കാരെ സ്വാധീനിക്കാനുള്ള ഉപായങ്ങളിലൊന്നുകൂടിയാണ് പുരസ്കാര പ്രഖ്യാപനമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
പള്ളി പൊളിച്ച കേസിൽ പ്രതിയായിരിക്കേതന്നെ ഭരണഘടനാ പദവിയുടെ സംരക്ഷണം കിട്ടുന്ന വിധം അദ്ദേഹത്തെ ഗവർണറാക്കിയതും ഏറെ വിമർശമുയർത്തിയിരുന്നു. മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ച രാധേശ്യാം ഖേംകയും യു.പിക്കാരനാണ്. അതിനു പുറമെ, സംഘ്പരിവാർ അനുഭാവക്കാരായ ഗീത പ്രസ് ട്രസ്റ്റിെൻറ സാരഥിയുമായിരുന്നു ഖേംക. പല ഹിന്ദുത്വ മുഖങ്ങളെയും മുൻവർഷങ്ങളിലും പത്മ നൽകി ആദരിച്ചിരുന്നു.
കോൺഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യം ബി.ജെ.പി കൊണ്ടുനടക്കുന്നതിനിടയിലാണ്, പാർട്ടി ഹൈകമാൻഡുമായി ഉടക്കി നിൽക്കുന്ന മുതിർന്ന നേതാവ് ഗുലാംനബി ആസാദിന് പത്മഭൂഷൺ നൽകുന്നത്. നേതൃമാറ്റം അടക്കം അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് ഹൈകമാൻഡിന് കത്തെഴുതിയ സംഘത്തിെൻറ നേതാവെന്ന നിലയിൽ കോൺഗ്രസിൽ ഒതുക്കപ്പെട്ട നിലയിലാണ് ഗുലാംനബി. രാജ്യസഭ സീറ്റ് നിഷേധിച്ചതിനു പിന്നാലെ രാജ്യസഭയിൽ നടന്ന യാത്രയയപ്പു ചടങ്ങിൽ മോദി അദ്ദേഹത്തെയും തിരിച്ചും പുകഴ്ത്തിയത് ഏറെ ചർച്ചയായിരുന്നു.
ഇടതു വിമർശനങ്ങളുടെ വായ് മൂടാൻ ഉപകരിക്കുന്നതു കൂടിയാണ് പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്കുള്ള പത്മഭൂഷൺ. അതേസമയം, ബി.ജെ.പി ഇപ്പോൾ സംസ്ഥാനത്തു കൊമ്പുകോർത്തുനിൽക്കുന്ന തൃണമൂൽ കോൺഗ്രസിെൻറയും മുഖ്യമന്ത്രി മമത ബാനർജിയുടെയും രാഷ്ട്രീയ പ്രതിയോഗി കൂടിയാണ് ബുദ്ധദേവ്. സിംഗൂർ, നന്ദിഗ്രാം വികസന വിഷയങ്ങളിലൂടെ ബുദ്ധദേവിെൻറയും സി.പി.എമ്മിെൻറയും പ്രതിച്ഛായ നഷ്ടപ്പെടുക വഴിയാണ് മമത അധികാരത്തിലെത്തിയത്.
ബുദ്ധദേവിനും ഗുലാംനബിക്കും പത്മഭൂഷൺ നൽകിയപ്പോൾ അതിനേക്കാൾ ഉയർന്ന പത്മവിഭൂഷൺ കല്യാൺസിങ്ങിനും ഖേംകക്കും നൽകിയതും ശ്രദ്ധേയം. മോദി സർക്കാറിെൻറ താൽപര്യപ്രകാരം ആഭ്യന്തര സെക്രട്ടറി, കംട്രോളർ - ഓഡിറ്റർ ജനറൽ (സി.എ.ജി) പദവികളിലേക്ക് ഉയർന്ന രാജസ്ഥാൻ കേഡർ ഐ.എ.എസുകാരൻ രാജീവ് മഹർഷിക്കും ലഭിച്ചു, പത്മഭൂഷൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.