തുരങ്ക രക്ഷാപ്രവർത്തനം; ഒന്നിച്ചുനിന്നാൽ ഇന്ത്യ വിജയിക്കുമെന്ന് രാജ്ദീപ് സർദേശായി, സൈബറാക്രമണവുമായി സംഘ്പരിവാർ
text_fieldsന്യൂഡൽഹി: ഉത്തരകാശിയിലെ സിൽക്യാര തുരങ്കം തകർന്ന് ഉള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ 17 ദിവസത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെയാണ് പുറത്തെത്തിക്കാനായത്. അതീവ ദുഷ്കരമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ, യന്ത്രങ്ങൾ പരാജയപ്പെട്ടിടത്ത് തൊഴിലാളികൾ നേരിട്ടിറങ്ങിച്ചെന്ന് തുരന്ന് വഴിയുണ്ടാക്കിയാണ് കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്. അവസാനഘട്ട രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്കുവഹിച്ചതാകട്ടെ, യു.പിയിൽ നിന്നെത്തിച്ച ഖനിത്തൊഴിലാളികളാണ്.
എലിമാളങ്ങൾ പോലെയുള്ള ചെറിയ തുരങ്കങ്ങൾക്കകത്ത് കയറി പോലും ഖനനം നടത്തുന്ന ഈ തൊഴിലാളികളെ 'റാറ്റ് ഹോൾ മൈനേഴ്സ്' എന്നാണ് വിളിക്കുന്നത്. അത്യന്തം അപകടകരമായ ഈ ഖനനരീതി ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ടെങ്കിലും സിൽക്യാര രക്ഷാപ്രവർത്തനത്തിന് ഇവരുടെ സഹായം തേടേണ്ടിവന്നു.
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍നിന്നെത്തിയ ഖനിത്തൊഴിലാളികളാണ് തുരങ്കത്തിനകത്ത് കടന്ന് യന്ത്രസഹായമില്ലാതെ തുരന്ന് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കരികിലെത്തിയത്. രക്ഷാപ്രവർത്തനത്തിലെ സൂപ്പർ ഹീറോകളായി മാറിയ ഇവരുടെ പേരുകൾ പരാമർശിച്ച് രാജ്ദീപ് സർദേശായി എക്സിൽ പോസ്റ്റിട്ടതിനാണ് ഹിന്ദുത്വവാദികളുടെ സൈബർ ആക്രമണം.
'നമ്മുടെ റാറ്റ് മൈനർ സൂപ്പർ ഹീറോകളുടെ പേരുകൾ ഓർക്കാം; ഫിറോസ്, മുന്ന ഖുറേഷി, റാഷിദ്, ഇർഷാദ്, മോനു, നസീർ, അങ്കുർ, ജതിൻ, സൗരഭ്, വഖീൽ ഹസൻ, ദേവേന്ദർ. നിങ്ങൾക്ക് രാഷ്ട്രത്തിന്‍റെ സല്യൂട്ട്. ഒന്നിച്ചുനിൽക്കുമ്പോൾ ഇന്ത്യ വിജയിക്കും' -രാജ്ദീപ് സർദേശായി പോസ്റ്റിൽ പറഞ്ഞു.
'ഒന്നിച്ചുനിൽക്കുമ്പോൾ ഇന്ത്യ വിജയിക്കും' എന്ന വാക്കുകളാണ് സംഘ്പരിവാറുകാരെ ചൊടിപ്പിച്ചത്. 'എല്ലാത്തിലും വർഗീയത കാണുന്നു' എന്നാണ് സർദേശായിക്കെതിരെ ഇവർ ആരോപിക്കുന്ന കുറ്റം. രക്ഷാപ്രവർത്തകർക്കിടയിലെ മുസ്ലിം പേരുകാരെ ഹീറോയായിക്കാട്ടുന്നു എന്നും ഹിന്ദുത്വവാദികൾ പറയുന്നു. രക്ഷാപ്രവർത്തനം പരാജയമാണെങ്കിൽ നിങ്ങൾ മോദിയെ അല്ലേ കുറ്റപ്പെടുത്തുകയെന്നാണ് മറ്റൊരാളുടെ ചോദ്യം.
തുരങ്കത്തിൽ കുടുങ്ങിയ മുഴുവൻ തൊഴിലാളികളെയും രക്ഷപ്പെടുത്തിയെങ്കിലും ഇതുസംബന്ധിച്ച് അധികൃതർക്കുണ്ടായ വീഴ്ചയിൽ വ്യാപക വിമർശനവുമുയരുന്നുണ്ട്. മരണത്തെ മുഖാമുഖം കണ്ട തൊഴിലാളികളെ വീണ്ടെടുക്കാനായി ശുഷ്കാന്തിയോടെയുള്ള പരിശ്രമം തുടങ്ങുന്നതുപോലും ഒരാഴ്ച കഴിഞ്ഞാണ്. അതുതന്നെ ഉള്ളിൽ കുടുങ്ങിയവർക്കൊപ്പം തുരങ്കം പണിതുകൊണ്ടിരുന്ന തൊഴിലാളികൾ മുഷ്ടി ചുരുട്ടി പ്രതിഷേധ സമരം തുടങ്ങിയപ്പോൾ മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.