സഞ്ജയ് ദത്തിന് ശിക്ഷയിളവ് നൽകിയത് എന്തടിസ്ഥാനത്തിലെന്ന് കോടതി
text_fieldsമുംബൈ: ’93ലെ മുംബൈ സ്ഫോടന പരമ്പര കേസിൽ അനധികൃതമായി തോക്കുകൾ കൈവശംവെച്ചതിനും തെളിവ് നശിപ്പിച്ചതിനും ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് ശിക്ഷയിൽ ഇളവ് നൽകിയത് എന്ത് അടിസ്ഥാനത്തിലെന്ന് വ്യക്തമാക്കാൻ ബോംെബ ഹൈകോടതി ആവശ്യപ്പെട്ടു. ഇത് വിശദീകരിക്കാൻ മഹാരാഷ്ട്ര സർക്കാറിന് രണ്ടാഴ്ച സമയം നൽകി. കേസിൽ ടാഡ കോടതി ആയുധനിയമ പ്രകാരം ആറു വർഷം തടവാണ് സഞ്ജയ് ദത്തിന് വിധിച്ചത്. സുപ്രീംകോടതി ശിക്ഷ അഞ്ചു വർഷമായി കുറച്ചു.
വിചാരണക്കിടെ ഒന്നര വർഷം തടവിൽ കഴിഞ്ഞ ദത്തിന് ശേഷിച്ച മൂന്നര വർഷത്തെ തടവ് അനുഭവിച്ചാൽ മതി. 2013 മേയിൽ യേർവാഡ ജയിലിൽ കീഴടങ്ങിയ ദത്ത് എട്ടു മാസത്തെ ഇളവിൽ 2016 ഫെബ്രുവരിയിൽ ജയിൽമോചിതനായി. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷയിളവെന്ന് രണ്ടാഴ്ച മുമ്പ് കോടതിയിൽ സർക്കാർ പറഞ്ഞിരുന്നു. എന്നാൽ, നല്ലനടപ്പ് കണക്കാക്കിയതെങ്ങനെയെന്ന് ആരാഞ്ഞ കോടതി തിങ്കളാഴ്ച സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.
തിങ്കളാഴ്ച സംസ്ഥാന അഡ്വക്കറ്റ് ജനറലിന് പകരം കോടതിയിൽ ഹാജരായ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സമയം നീട്ടിച്ചോദിക്കുകയായിരുന്നു. സഞ്ജയ് ദത്തിന് ശിക്ഷയിളവും ശിക്ഷക്കിടെ പരോളും അവധിയും നൽകിയത് ചോദ്യംചെയ്ത് പുണെ നിവാസി പ്രദീപ് ഭലേക്കർ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതി സർക്കാറിെൻറ വിശദീകരണം തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.