സഞ്ജയ് ഝാ ജനതാദൾ-യു വർക്കിങ് പ്രസിഡന്‍റ്
text_fieldsന്യൂഡൽഹി: രാജ്യസഭാംഗം സഞ്ജയ് ഝായെ ജനതാദൾ-യു വർക്കിങ് പ്രസിഡൻറായി ശനിയാഴ്ച ന്യൂഡൽഹിയിൽ ചേർന്ന നിർവാഹകസമിതി യോഗം തിരഞ്ഞെടുത്തു. രാജ്യസഭയിൽ പാർട്ടി നേതാവുകൂടിയാണ് അദ്ദേഹം. ബി.ജെ.പി നേതൃത്വവുമായി ഝാക്കുള്ള അടുത്ത ബന്ധംകൂടി പരിഗണിച്ചാണ് പാർട്ടി തീരുമാനമെന്നാണ് കരുതുന്നത്. പാർട്ടി ഭരിക്കുന്ന ബിഹാറിൽ ദീർഘകാല ആവശ്യമായ പ്രത്യേക പദവി നേടിയെടുക്കുന്നതടക്കമുള്ള ദൗത്യങ്ങളാണ് ഝാക്ക് മുന്നിലുള്ളത്.
ബിഹാറിന് പ്രത്യേക പദവി അല്ലെങ്കിൽ ബദൽ പാക്കേജ് എന്ന പാർട്ടിയുടെ ആവശ്യം മോദി സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പദവി ഏറ്റെടുത്ത ശേഷം ഝാ മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക പദവിയെന്നതിന് പകരം ബദൽ പാക്കേജായാലും പാർട്ടി അംഗീകരിക്കുമെന്ന് മുതിർന്ന ജെ.ഡി.യു നേതാവ് നീരജ് കുമാർ പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ച കേസുകളിൽ കുറ്റക്കാർക്കെതിരെ കർശന നടപടിക്കൊപ്പം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമനിർമാണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാർ, കേന്ദ്രമന്ത്രിമാരായ ലാലൻ സിങ്, രാം നാഥ് ഠാക്കൂർ എന്നിവരും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.