സഞ്ജയ് റാവുത്ത് ജയിൽ മോചിതനായി: അറസ്റ്റ് അനധികൃതമെന്ന് കോടതി; ജാമ്യം റദ്ദാക്കാതെ ഹൈകോടതിയും
text_fieldsമുംബൈ: പത്രചാൾ പുനർ നിർമാണവുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണക്കേസ് ആരോപിച്ച് ശിവസേന ഉദ്ധവ് താക്കറെ പക്ഷ വക്താവും രാജ്യസഭ എം.പിയുമായ സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തത് അനധികൃതമായാണെന്ന് കോടതി. ആളെ തെരഞ്ഞെുപിടിച്ച് ഉപദ്രവിക്കുക എന്ന രീതിയാണ് ഇ.ഡി സ്വീകരിച്ചതെന്നും അംഗീകരിക്കാനാവില്ലെന്നും സഞ്ജയ് റാവുത്തിന് ജാമ്യം അനുവദിച്ചുകൊണ്ട് പ്രത്യേക പി.എം.എൽ.എ നിരീക്ഷിച്ചു.
ജാമ്യം സ്റ്റേ ചെയ്യണമെന്ന അന്വേഷണ ഏജൻസിയുടെ ആവശ്യം ഹൈകോടതി നിരാകരിച്ചു. ഇരു കക്ഷികളെയും കേൾക്കാതെ അത്തരമൊരു ഉത്തരവിടാൻ സാധ്യമല്ലെന്ന് പറഞ്ഞ കോടതി വ്യാഴാഴ്ച വാദം കേൾക്കാമെന്ന് അറിയിച്ചു.
ഞാൻ ജാമ്യ ഉത്തരവ് നോക്കിയിട്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് ജാമ്യം നൽകിയതെന്ന് അറിയില്ല. എന്ത് അടിസ്ഥാനത്തിനാണ് ഇ.ഡി അതിനെ ചോദ്യം ചെയ്യുന്നതെന്നും അറിയില്ല. കക്ഷികളെ കേൾക്കുകപോലും ചെയ്യാതെ എങ്ങനെയാണ് ജാമ്യത്തിന് സ്റ്റേ നൽകുക എന്നും ഹൈകോടതി ജസ്റ്റിസ് ഭാരതി ദാങ്റെ ചോദിച്ചു.
വിധി വന്നതിനു പിന്നാലെ സഞ്ജയ് റാവുത്ത് സെൻട്രൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ നിന്ന് പുറത്തിറങ്ങി. ശിവസേന പ്രവർത്തകർ വൻ സ്വീകരണമാണ് അദ്ദേഹത്തിന് നൽകിയത്.
കോടതി നിരീക്ഷണങ്ങൾ നിങ്ങൾക്ക് മുമ്പിലുണ്ട്. എന്റെ ജീവിതത്തിൽ തെറ്റായ കാര്യങ്ങൾ ചെയ്തിട്ടില്ല. ഞാൻ ഇതൊരിക്കലും മറക്കില്ല. നിയമമാണ് എനിക്ക് നീതി നൽകിയത്. ഞാൻ ഈ സ്ഥാപനങ്ങളോട് നന്ദിയുള്ളവനാണ് -റാവുത്ത് പറഞ്ഞു.
റാവുത്തിനും കൂട്ടുപ്രതി പ്രവീൺ റാവുത്തിനും ബുധനാഴ്ചയാണ് പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച വരെ ജാമ്യം അനുവദിക്കരുതെന്ന ഇ.ഡിയുടെ ആവശ്യം നിരാകരിച്ചുകൊണ്ടായിരുന്നു നടപടി. ഇരു പ്രതികളെയും അറസ്റ്റ് ചെയ്തത് അനധികൃതമാണെന്നും അന്വേഷണ ഏജൻസി വേട്ടയാടുകയാണെന്നും പ്രത്യേക കോടതി ജഡ്ജി എം.ജി ദേശ്പാണ്ഡെ നിരീക്ഷിച്ചിരുന്നു.
കൃത്യമായ സിവിൽ തർക്കങ്ങൾക്ക് വെറുതെ കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യം എന്നീ ലാബലുകൾ നൽകിയതുകൊണ്ട് മാത്രം അവ ആ വിഭാഗത്തിൽ ഉൾപ്പെടുകയില്ല. ആത്യന്തികമായി നിരപരാധികളെ അറസ്റ്റിലേക്ക് വലിച്ചിഴക്കുകയാണ് ഇതുവഴി സംഭവിക്കുന്നത്. മുമ്പിൽ നിൽക്കുന്നത് ആരായാലും ശരിയായത് മാത്രമേ കോടതിക്ക് ചെയ്യാനകൂവെന്നും ജഡ്ജി പറഞ്ഞു.
തന്നിരിക്കുന്ന രേഖകളും വാദങ്ങളുമെല്ലാം നിരീക്ഷിക്കുമ്പോൾ സിവിൽ തർക്കങ്ങൾ ഉള്ളതിനാൽ പ്രവീൺ റാവുത്തിനെ എങ്ങനെ അറസ്റ്റ് ചെയ്തുവെന്ന് വ്യക്തമാകും. എന്നാൽ സഞ്ജയ് റാവുത്തിനെ കാരണങ്ങളൊന്നും കൂടാതെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
കേസ് നൽകിയ മഹാരാഷ്ട്ര ഹൗസിങ് ആന്റ് ഏരിയ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ നടപടി തുടക്കം മുതൽ തന്നെ സംശയാസ്പദമാണ്. കോടതിയുടെ കണ്ണിൽപൊടിയിടാനോ നീണ്ട സിവിൽ വ്യവഹാരങ്ങൾ ഒഴിവാക്കാനോ ഉള്ള നടപടിയാണ് എം.എച്ച്.എ.ഡി.എ എടുത്തതെന്നും കോടതി പറഞ്ഞു.
എച്ച്.ഡി.ഐ.എല്ലിൽ അനധികൃതമായി നിയമിക്കപ്പെടുകയും 1,000 കോടി രൂപയിലധികം വരുമാനമുണ്ടാക്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന മുഖ്യപ്രതി രാകേഷിനെയും സാരംഗ് വാധവനെയും ഇഡി അറസ്റ്റ് ചെയ്തിട്ടില്ലെന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണ്. അതേ സമയം, സഞ്ജയ് റാവുത്തിനെയും പ്രവീൺ റാവുത്തിനെയും അറസ്റ്റ് ചെയ്തു. ഇത് അനീതിയും ഇ.ഡിയുടെ തിരഞ്ഞെടുത്ത് വേട്ടയാടുന്ന മനോഭാവവുമാണെന്ന് വ്യക്തമായതായും ഉത്തരവിൽ പറയുന്നു.
ആഗസ്റ്റ് ഒന്നിനാണ് സഞ്ജയ് റാവുത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി ജയിലിൽ കഴിയുകയായിരുന്നു അദ്ദേഹം. മുംബൈയിൽ ചെലവുകുറഞ്ഞ വീടുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് റാവുത്തിന്റെ ഭാര്യയും കൂട്ടാളികളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് റാവുത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഏപ്രിലിൽ റാവുത്തിന്റെ ഭാര്യയുടെയും രണ്ടു കൂട്ടാളികളുടെയും 11.15 കോടിയുടെ ആസ്തി ഇ.ഡി പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.