പ്രധാനമന്ത്രിയെ വിമർശിച്ചു; റാവുത്തിനെതിരെ രാജ്യദ്രോഹ കേസ്
text_fieldsമുംബൈ: പാർട്ടി മുഖപത്രം ‘സാമ്ന’യിലെ മുഖപ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നാരോപിച്ച് ഉദ്ധവ് താക്കറെ പക്ഷ ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെതിരെ കേസ്. രാജ്യസഭാംഗമായ റാവുത്ത് ‘സാമ്ന’യുടെ എക്സിക്യൂട്ടിവ് എഡിറ്ററാണ്.
ഞായറാഴ്ച ഇറങ്ങിയ ‘സാമ്ന’യിൽ മോദിയെ അധിക്ഷേപിച്ചുവെന്നാരോപിച്ച് ബി.ജെ.പി യവത്മൽ ജില്ല കോഓഡിനേറ്റർ നിതിൻ ഭുതാഡ നൽകിയ പരാതിയിലാണ് കേസ്. രാജ്യദ്രോഹ കുറ്റത്തിനുപുറമെ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ, വിദ്വേഷമോ അവഹേളനയോ ഉണ്ടാക്കാൻ ശ്രമിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഉമർഖേദ് പൊലീസ് കേസെടുത്തത്.
ചോദ്യമുന്നയിക്കുന്നവരെ ജയിലിലടക്കുകയാണ് ബി.ജെ.പിയെന്നും പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാൻ ഇ.ഡി, സി.ബി.ഐ, ആദായനികുതി വകുപ്പ് എന്നിവയെ ദുരുപയോഗം ചെയ്യുകയാണെന്നും പ്രതികരിച്ച ഉദ്ധവ് പക്ഷ വക്താവ് പ്രിയങ്കാ ചതുർവേദി ‘സാമ്ന’ എന്നും തീവ്രതയോടെയാണ് സംസാരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയെയാണ് വിമർശിച്ചതെന്നും വ്യക്തിയെ അല്ലെന്നും റാവുത്ത് പ്രതികരിച്ചു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ വിമർശിച്ചവർക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും റാവുത്ത് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.