'പറഞ്ഞത് സത്യം'; വിമതർ ജീവിക്കുന്ന ശവങ്ങളെന്ന ആരോപണത്തെ ന്യായീകരിച്ച് സഞ്ജയ് റാവുത്ത്
text_fieldsമുംബൈ: ശിവസേനയിലെ വിമത നേതാക്കളെ ജീവിക്കുന്ന ശവങ്ങളെന്ന് വിളിച്ചതിനെ ന്യായീകരിച്ച് സഞ്ജയ് റാവുത്ത്. ഇത് മഹാരാഷ്ട്രയിലെ സംസാര രീതിയാണെന്നും ആരുടെയും വികാരത്തെ വ്രണപ്പെടുത്താൻ താൻ ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അവരുടെ ശരീരത്തിന് ജീവനുണ്ടെങ്കിലും ആത്മാവ് മരിച്ചെന്ന് പറഞ്ഞതിൽ എന്താണ് തെറ്റെന്ന് റാവുത്ത് ചോദിച്ചു. ഇത് മഹാരാഷ്ട്രയിലെ ഒരു രീതിയാണ്. 40 വർഷം പാർട്ടിയുടെ കൂടെ നിന്നവർ ഇപ്പോൾ ഒളിച്ചോടിയിരിക്കുകയാണ്. അതിനാലാണ് അവരുടെ ആത്മാവ് മരിച്ചെന്ന് താൻ പറഞ്ഞതെന്ന് റാവുത്ത് വ്യക്തമാക്കി. ആരുടെയും വികാരത്തെ വ്രണപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും സത്യം മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഏക്നാഥ് ഷിൻഡെ ഞങ്ങളുടെ ഏറ്റവും അടുത്ത ആളായിരുന്നു. ഞങ്ങൾ സന്തോഷവും സങ്കടവും പങ്കിട്ടു. ഈ വിഷയം ഇപ്പോൾ തെരുവ് പോരാട്ടവും അതോടൊപ്പം തന്നെ ഒരു നിയമ പോരാട്ടവുമാണ്. നിങ്ങൾ എന്തിനാണ് അസമിൽ പോയിരിക്കുന്നത്. അവിടെ വെള്ളപ്പൊക്കത്തിൽ നൂറു കണക്കിനാളുകൾ മരിക്കുകയാണ്. അതിനാൽ നിങ്ങൾ മഹാരാഷ്ട്രയിലേക്ക് മടങ്ങി വരണം. നിങ്ങളെ വോട്ട് നൽകി വിജയിപ്പിച്ചത് ഇ.ഡിയും സി.ബി.ഐയുമല്ല. സാധാരണക്കാരായ ജനങ്ങളാണ്' -റാവുത്ത് ഓർമിപ്പിച്ചു.
വിമത എം.എൽ.എമാർ എപ്പോൾ വേണമെങ്കിലും മഹാരാഷ്ട്ര നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നേരിടാൻ തയ്യാറാണെന്നും എന്നാൽ ആദ്യം അംഗീകാരം നൽകേണ്ടത് ഷിൻഡെയാണെന്നും കാമ്പിലുള്ള മുൻ മന്ത്രിയും ശിവസേന എം.എൽ.എയുമായ ദീപക് കേസാർക്കർ പറഞ്ഞിരുന്നു. അതിനിടെ ഭാവി നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഷിൻഡെ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.