അഹമ്മദാബാദ് 'മിനി പാകിസ്താൻ'; സഞ്ജയ് റാവത്ത് മാപ്പുപറയണമെന്ന് ബി.ജെ.പി
text_fields
ന്യൂഡല്‍ഹി: അഹമ്മദാബാദിനെ മിനി പാകിസ്താൻ എന്ന് വിളിച്ച ശിവസേന നേതാവ് സഞ്ജയ് റാവത്ത് പരസ്യമായി മാപ്പ് പറയണമെന്നാവശ്യവുമായി ബി.ജെ.പി. ഗുജറാത്തിലെയും അഹമ്മദാബാദിലെയും ജനങ്ങളെ അപമാനിക്കുന്നതാണ് റാവത്തിൻെറ പ്രസ്താവനയെന്ന് ഗുജറാത്ത് ബി.ജെ.പി മുഖ്യവക്താവ് ഭരത് പാണ്ഡ്യ പറഞ്ഞു.
നടൻ സുശാന്ത് സിങ് രജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട് നടി കങ്കണ റണാവത്തുമായുള്ള വാക്‌പോരിനിടയിലാണ് ശിവസേന എം.പി അഹമ്മദാബാദ് മിനി പാകിസ്താനെന്ന പരാമർശം നടത്തിയത്. മുംബൈയെ പാക് അധിനിവേശ കശ്മീര്‍ എന്ന് വിളിച്ച കങ്കണക്ക് അഹമ്മദബാദിനെ മിനി പാകിസ്താന് എന്ന് വിളിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു സഞ്ജയ് റാവത്തിെൻറ ചോദ്യം.
റാവത്ത് ഗുജറാത്തിനോടും അഹമ്മദാബാദിലെ ജനങ്ങളോടും മാപ്പ് പറയണം. അതില്‍ കുറഞ്ഞ യാതൊരു വിട്ടുവീഴ്ചക്കും തയാറാല്ലെന്ന് ഭരത് പാണ്ഡ്യ പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി ഗുജറാത്തിനെ അപമാനിക്കുന്ന തരത്തില്‍ ശിവസേനാ നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുംബൈയെ മിനി പാകിസ്താൻ എന്ന് വിളിച്ച കങ്കണ മാപ്പുപറയണമെന്ന് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിരുന്നു. കങ്കണ മഹാരാഷ്ട്രയോട് മാപ്പ് പറയാന്‍ തയാറായാല്‍ ബാക്കിയുള്ള കാര്യത്തെ പറ്റി ആലോചിക്കാം. അവരാണ് മുംബൈയെ മിനി പാകിസ്താന് എന്ന് അപമാനിച്ചത്. ഇതേ ധൈര്യത്തോടെ അഹമ്മദാബാദിനെപ്പറ്റി എന്തെങ്കിലും പറയുമോ എന്നായിരുന്നു താൻ ചോദിച്ചതെന്നും റാവത്ത് പറഞ്ഞു.
മുംബൈയെ പാക് അധിനിവേശ കശ്മീര്‍ എന്ന് ഉപമിച്ചതിനു പിന്നാലെ കങ്കണക്ക് രൂക്ഷ വിമര്‍ശനമുയർന്നിരുന്നു. ഈ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേന രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.