2024 ലോക്സഭ തെരഞ്ഞെടുപ്പ്: മോദിക്ക് ഒത്ത എതിരാളി പവാറെന്ന് സഞ്ജയ് റാവത്ത്
text_fieldsമുംബൈ: കൃത്യമായ ഒരു മുഖം പോലുമില്ലാത്തതിനാൽ നിലവിലെ സാഹചര്യത്തിൽ 2024ൽ നടക്കാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് നേരിയ സാധ്യത മാത്രമാണ് ഉള്ളതെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒത്ത എതിരാളി എൻ.സി.പി അധ്യക്ഷൻ ശരദ് പവാറാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
'ശക്തമായ ഒരു മുഖമില്ലാതെ 2024 പൊതുതെരഞ്ഞെടുപ്പിൽ മോദിയെ പരാജയപ്പെടുത്താനാകില്ല. മോദിക്കെതിരെ മുന്നിൽ നിർത്താൻ പ്രതിപക്ഷത്തിനൊരു നേതാവില്ല. എല്ലാ പാർട്ടികളും കൂടി തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നയിക്കാൻ ഒരു നേതാവിനെ കണ്ടെത്തണം' -സഞ്ജയ് റാവത്ത് പറഞ്ഞു.
മുതിർന്ന നേതാവെന്ന നിലയിൽ ശരദ് പവാറായിരിക്കും 2024ൽ പ്രതിപക്ഷത്തിന്‍റെ മുഖമെന്ന് ശിവസേന എം.പി കുട്ടിച്ചേർത്തു. ഐക്യപ്രതിപക്ഷത്തിന്‍റെ മുഖമായി ഇതാദ്യമായിട്ടല്ല റാവത്ത് പവാറിന്‍റെ പേര് നാമനിർദേശം െചയ്യുന്നത്.
'പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്താൻ ശരദ് പവാറിനെ പോലെ ഒരാൾ യു.പി.എ അധ്യക്ഷനായി വരണം. അദ്ദേഹത്തിന്‍റെ നേതൃത്വം എല്ലാവർക്കും സ്വീകാര്യമാണ്' -സഞ്ജയ് റാവത്ത് പറഞ്ഞു.
2019ൽ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബി.ജെ.പിയുമായി ഇടഞ്ഞ് നിന്ന ശിവസേനയെ കൂട്ട്പിടിച്ച് സർക്കാർ രൂപീകരിച്ച പവാറിന്‍റെ തന്ത്രം വിജയം കണ്ടിരുന്നു. ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യമായ മഹാ വികാസ് അഖാഡിയാണ് നിലവിൽ മഹാരാഷ്ട്ര ഭരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.