കശ്മീർ: പാകിസ്താനുമായി ചർച്ച വേണമെന്ന് ആവശ്യപ്പെട്ട മെഹബൂബയെ വിമർശിച്ച് ശിവസേന
text_fieldsമുംബൈ: പാക്കിസ്താനുമായും ജമ്മു കശ്മീരിലെ ജനങ്ങളുമായും കേന്ദ്രം ചർച്ച നടത്തുന്നത് വരെ കശ്മീരിൽ സമാധാനം പുന:സ്ഥാപിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയുടെ പ്രസ്താവനക്കെതിരെ ശിവസേന എം.പി സഞ്ജയ് റാവത്ത്. മെഹബൂബ മുഫ്തിയെ പോലുള്ളവർ ബി.ജെ.പിയുമായി ചേർന്ന് സർക്കാർ ഉണ്ടാക്കുന്നതിനാൽ അവർക്ക് അത്തരത്തിലുള്ള പരാമർശങ്ങൾ നടത്താൻ അനുവാദമുണ്ടാകുമെന്നും സഞ്ജയ് റാവുത്ത് വിമർശിച്ചു.
മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പി.ഡി.പി ബി.ജെ.പിയുമായി സഖ്യത്തിലായിരുന്നു. തുടക്കം മുതലേ പാകിസ്താൻ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന പാർട്ടിയാണ് പി.ഡി.പിയെന്നും റാവുത്ത് പറഞ്ഞു.
2015-ൽ ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിക്കാൻ പി.ഡി.പിയും ബി.ജെ.പിയും ഒന്നിച്ചെങ്കിലും 2018 ജൂണിൽ സഖ്യം പിരിയുകയായിരുന്നു. പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിനെ മുഫ്തി പിന്തുണച്ചിരുന്നുവെന്നും എന്നിട്ടും ജമ്മുകശ്മീരിൽ പി.ഡി.പിയുമായി ചേർന്ന് ബി.ജെ.പി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിച്ചെന്നും റാവത്ത് ആരോപിച്ചു. ഇപ്പോൾ അതേ മെഹബൂബ മുഫ്തി തന്നെ കശ്മീർ പ്രശ്നം പരിഹരിക്കാൻ പാകിസ്താനുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെടുന്നത് ബി.ജെ.പിക്ക് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"അത്തരക്കാരുമായി അധികാരം പങ്കിട്ട് ശക്തി നൽകിയത് ബി.ജെ.പിയാണ്. അതിനാൽ മെഹബൂബ മുഫ്തി പറയുന്നതിന് ബി.ജെ.പി ഉത്തരവാദികളാണ്" -റാവത്ത് പറഞ്ഞു. വിഷയത്തിൽ ബി.ജെ.പിയുടെ നിലപാട് എന്തുതന്നെ ആയാലും പി.ഡി.പിയുടെ പ്രത്യയശാസ്ത്രത്തെ എതിർക്കുന്നത് ശിവസേന തുടരുമെന്നും റാവത്ത് വ്യക്തമാക്കി.
24 മണിക്കൂറും രാജ്യത്തെ സേവിക്കുന്നതിനായി പ്രധാനമന്ത്രി ദിവസവും രണ്ട് മണിക്കൂർ മാത്രമേ ഉറങ്ങാറുള്ളുവെന്ന മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന്റെ പരാമർശത്തിൽ, അദ്ദേഹത്തിന്‍റെ വാക്കുകൾ കേട്ട് ആ രണ്ട് മണിക്കൂർ ഉറക്കും പ്രധാനമന്ത്രിക്ക് നഷ്ടപ്പെട്ടുകാണുമെന്ന് റാവത്ത് പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.