'ശിവസേന വിടില്ല, മരിച്ചാലും കീഴടങ്ങില്ല'; ഇ.ഡി റെയ്ഡിനെതിരെ സഞ്ജയ് റാവത്ത്
text_fieldsമുംബൈ: ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന തുടരുകയാണ്. മുംബൈയിലെ റസിഡൻഷ്യൽ ബിൽഡിങ്ങിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നെന്ന ആരോപണത്തിലാണ് ഇ.ഡിയുടെ പരിശോധന.
നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകിയതിനു പിന്നാലെയാണ് ഇ.ഡി റാവത്തിന്‍റെ വീട്ടിൽ പരിശോധനക്കെത്തിയത്. ഇതിനിടെ ഇ.ഡി റെയ്ഡിനെ വിമർശിച്ച് റാവത്ത് നിരവധി തവണ ട്വീറ്റ് ചെയ്തു. കേന്ദ്ര അന്വേഷണ ഏജൻസിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയപകപോക്കലാണെന്നും ശിവസേന വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
'ശിവസേന വിടില്ല...മരിച്ചാലും കീഴടങ്ങില്ല' -രാജ്യസഭ എം.പി ട്വീറ്റ് ചെയ്തു. ഒരു അഴിമതിയുമായും ബന്ധമില്ലെന്ന് അന്തരിച്ച ബാലാസാഹെബ് താക്കറെയെക്കൊണ്ട് ഞാൻ സത്യം ചെയ്യുന്നു. ബാലാസാഹെബ് പോരാടാനാണ് ഞങ്ങളെ പഠിപ്പിച്ചത്. ശിവസേനക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സഞ്ജയ് റാവത്തിന് പിന്തുണയുമായി ശിവസേന പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്. നേരത്തെ, ജൂലൈ 20നും 27നും ഇ.ഡി സമൻസ് അയച്ചിരുന്നെങ്കിലും പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ അതുകഴിഞ്ഞുമാത്രമെ ഹാജരാകാൻ കഴിയൂവെന്ന് റാവത്ത് അറിയിച്ചിരുന്നു.
ജൂലൈ ഒന്നിന് ഇ.ഡി 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഗോരെഗാവ് മേഖലയിലെ പത്ര ചൗൾ പുനർവികസനവുമായി ബന്ധപ്പെട്ടുള്ള 1,034 കോടിയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് പ്രവീൺ റാവത്ത് അറസ്റ്റിലായിരുന്നു. പിന്നാലെയാണ് അന്വേഷണം സഞ്ജയ് റാവത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.