പുതിയ പാർലമെന്റ് കവാടത്തിൽ പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കണം, സംശയം അവസാനിക്കും! സഞ്ജയ് റാവത്ത്
text_fieldsമുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവാദത്തിൽ പരിഹാസവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. "ചിലർ പ്രധാനമന്ത്രിയുടെ ബിരുദം വ്യാജമാണെന്ന് പറയുന്നു. എന്റയർ പൊളിറ്റിക്കൽ സയൻസിലെ അദ്ദേഹത്തിന്‍റെ ബിരുദം ചരിത്രപരവും വിപ്ലവകരവുമാണെന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു!. അതിനാൽ ഇത് നമ്മുടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വലിയ കവാടത്തിൽ പ്രദർശിപ്പിക്കണം. അതിലൂടെ ആളുകൾ അതിനെക്കുറിച്ച് സംശയം ഉന്നയിക്കുന്നത് അവസാനിക്കും!." സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവും വിദ്യാഭ്യാസ യോഗ്യതയും സംബന്ധിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വിവരാവകാശം ചോദിച്ചതുമായി ബന്ധപ്പെട്ട വിവാദം നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ പരാമർശം.
ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയും വിവാദത്തിൽ മോദിക്കെതിരേ പരിഹാസവുമായി രംഗത്തെത്തതിയിരുന്നു. പ്രധാനമന്ത്രി പഠിച്ചിരുന്നതാണെന്ന് അഭിമാനത്തോടെ പറയാൻ ആ കോളജ് മുന്നോട്ടു വരാത്തെതെന്താണെന്ന് അദ്ദേഹം ചോദിച്ചു.
രാമ നവമി ആഘോഷങ്ങളുടെ ഭാഗമായി ബംഗാളിൽ നടന്ന ആക്രമണങ്ങൾ ബി.ജെ.പി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും ശിവ സേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. ബി.ജെ.പി തെരഞ്ഞെടുപ്പ് പാരാജയം ഭയക്കുന്നിടങ്ങളിലും ബി.ജെ.പി സർക്കാർ പ്രതിസന്ധിയിലാവുന്നിടത്തും സംഘർഷങ്ങൾ ഉണ്ടാവുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.