സുപ്രീംകോടതി വിധി അനുകൂലമായാൽ ഈ രാജ്യദ്രോഹികളുടെ കഥ കഴിയും -ശിവസേന വിമത എം.എൽ.എമാർക്ക് മുന്നറിയിപ്പുമായി സഞ്ജയ് റാവുത്ത്
text_fieldsമുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അടക്കം 16 എം.എൽ.എമാരെ ഇന്ന് സുപ്രീംകോടതി അയോഗ്യരാക്കുകയാണെങ്കിൽ ഈ രാജ്യദ്രോഹികളുടെയെല്ലാം കഥ കഴിയുമെന്ന് ശിവസേന നേതാവും എം.പിയുമായ സഞ്ജയ് റാവുത്ത്.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ പിൻഗാമി ഏകനാഥ് ഷിൻഡെയും തമ്മിലുള്ള കലഹത്തിൽ ഇന്ന് സുപ്രീം കോടതി വിധി പുറത്തു വരാനിരിക്കെയാണ് റാവുത്തിന്റെ മുന്നറിയിപ്പ്. സുപ്രീംകോടതി തങ്ങൾക്ക് അനുകൂലമായി വിധി പറഞ്ഞാൽ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിന് നിയമസാധുതയില്ലാതാകുമെന്നാണ് റാവുത്തിന്റെ മുന്നറിയിപ്പ്.
രാജ്യത്ത് ജനാധിപത്യമുണ്ടോയെന്നും നിയമനിർമാണ സഭകൾ ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുന്നുണ്ടോയെന്നും തീരുമാനിക്കുന്നത് സുപ്രീംകോടതിയാണ്. ഞങ്ങൾക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതി സ്വതന്ത്രമാണെന്നാണ് വിശ്വസിക്കുന്നത്-റാവുത്ത് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് സമാനമായ നിർണായകമായ കേസിൽ വിധി പറഞ്ഞതിന് ശേഷമാണ് ഷിൻഡെയുടെ കലാപം നിയമവിരുദ്ധമാണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കഴിഞ്ഞ ജൂണിലാണ് ശിവസേനയിലെ വിമത എം.എൽ.എമാർക്കൊപ്പം പാർട്ടിയെ പിളർത്തി ഷിൻഡെ ബി.ജെ.പിയിലേക്ക് കൂറുമാറിയത്.
തുടർന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ട ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. പിന്നാലെ ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടർന്നാണ് ഈ വിമത എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് താക്കറെ വിഭാഗം സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.