ബ്രിജ് ഭൂഷന്റെ വിശ്വസ്തൻ സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷന് അധ്യക്ഷൻ
text_fieldsന്യൂഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റും ബി.ജെ.പിയുടെ ലോക്സഭാംഗവുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ അനുകൂലിക്കുന്നവർക്ക് വൻവിജയം. പ്രസിഡന്റടക്കം 15ൽ 13 സ്ഥാനങ്ങളിലേക്കും ഈ പാനലാണ് ജയിച്ചത്. ഏഴിനെതിരെ 40 വോട്ടുകൾ നേടി ബ്രിജ്ഭൂഷണിന്റെ വിശ്വസ്തനും യു.പി ഗുസ്തി അസോസിയേഷൻ വൈസ് പ്രസിഡന്റുമായ സഞ്ജയ് സിങ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 2010ലെ കോമൺ വെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേത്രി അനിത ഷിയോറണായിരുന്നു സഞ്ജയിന്റെ എതിരാളി. സെക്രട്ടറി ജനറൽ, സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് സഞ്ജയ് പാനൽ ജയിച്ചു.
വനിത ഗുസ്തിതാരങ്ങൾ ഗുരുതര ലൈംഗികാരോപണം ഉന്നയിച്ച ബ്രിജ്ഭൂഷണോ ബന്ധുക്കളോ മത്സരരംഗത്തുണ്ടാവില്ലെന്നായിരുന്നു കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാകുർ പ്രക്ഷോഭകർക്ക് നൽകിയ ഉറപ്പ്. ഇതേത്തുടർന്നാണ് ജന്തർ മന്തറിലെ സമരം പിൻവലിച്ചത്. പലതവണ മാറ്റിവെച്ച വോട്ടെടുപ്പ് നടന്നപ്പോൾ പക്ഷേ, ബ്രിജ്ഭൂഷണിന്റെ വിശ്വസ്തർതന്നെ ഭൂരിഭാഗം സ്ഥാനങ്ങളിലേക്കും ജയിച്ചത് താരങ്ങൾക്ക് തിരിച്ചടിയായി. ഇവരെ അനുകൂലിക്കുന്ന രണ്ടുപേർ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. സെക്രട്ടറി ജനറലായി പ്രേംചന്ദ് ലൊച്ചാബ് 27-19നും സീനിയർ വൈസ് പ്രസിഡന്റായി ദേവേന്ദ്ര സിങ് കദിയാൻ 32-15നും ജയിച്ചു. ഹോട്ടൽ വ്യാപാരിയായ ദേവേന്ദ്ര സിങ് ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയിരുന്ന താരങ്ങൾക്ക് സഹായവുമായി രംഗത്തുണ്ടായിരുന്നു. സഞ്ജയ് സിങ്ങിന് മൃഗീയ ഭൂരിപക്ഷം ലഭിച്ചിട്ടും ബ്രിജ്ഭൂഷൺ പാനലിലെ രണ്ടുപേർ തോറ്റത് തെരഞ്ഞെടുപ്പിനു മുമ്പെ നീക്കുപോക്കുകൾ ഉണ്ടാക്കിയിരുന്നുവെന്ന സംശയമുണർത്തുന്നുണ്ട്.
അന്താരാഷ്ട്ര വിലക്ക് നീങ്ങിയേക്കും
ഡബ്ലിയു.എഫ്.ഐ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടന്നതോടെ ഇന്ത്യൻ ഗുസ്തി ഫെഡറേഷന് അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷൻ ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ സാധ്യത തെളിഞ്ഞു. സമയത്തിന് തെരഞ്ഞെടുപ്പ് നടത്താത്തതിനാലായിരുന്നു വിലക്ക്. ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ താരങ്ങൾക്ക് ഇന്ത്യൻ പതാകക്ക് കീഴിൽ മത്സരിക്കാനായില്ല. കോടതി ഇടപെടലിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നീണ്ടത്. ജൂലൈയിൽ നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും പഞ്ചാബ്-ഹരിയാന ഹൈകോടതി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു. സുപ്രീംകോടതി ഇത് എടുത്തുകളഞ്ഞതോടെയാണ് വോട്ടെടുപ്പിന് കളമൊരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.