ജെ.എൻ.യുവിലെ ആദ്യ വനിത വൈസ് ചാൻസലറായി ശാന്തിശ്രീ പണ്ഡിറ്റ്
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം നിയമിച്ചു. നിലവിൽ മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയുടെ വൈസ് ചാൻസലറാണ് ശാന്തിശ്രീ പണ്ഡിറ്റ്.
ശാന്തിശ്രീ പണ്ഡിറ്റിനെ അഞ്ച് വർഷത്തേക്ക് ജെ.എൻ.യു വൈസ് ചാൻസലറായി നിയമിക്കുന്നതിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. 59 കാരിയായ ശാന്തിശ്രീ പണ്ഡിറ്റ് ജെ.എൻ.യുവിലെ പൂർവ്വ വിദ്യാർഥി കൂടിയാണ്. അവർ ജെ.എൻ.യുവിൽ എം.ഫിലും ഇന്റർനാഷനൽ റിലേഷൻസിൽ പി.എച്ച്.ഡിയും ചെയ്തിട്ടുണ്ട്. 1988ൽ ഗോവ യൂനിവേഴ്‌സിറ്റിയിൽ നിന്നാണ് ശാന്തിശ്രീ പണ്ഡിറ്റ് അധ്യാപന ജീവിതം ആരംഭിക്കുന്നത്. തുടർന്ന് 1993ൽ പൂനെ യൂനിവേഴ്‌സിറ്റിയിലേക്ക് മാറി.
യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അംഗം, ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് അംഗം, കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള വിസിറ്റേഴ്സ് നോമിനി എന്നീ നിലയിലൊക്കെ അവർ പ്രവർത്തിച്ചിട്ടുണ്ട് . വിവിധ അക്കാദമിക് ബോഡികളിൽ അഡ്മിനിസ്‌ട്രേറ്റീവ് സ്ഥാനം വഹിച്ച അവർ 29 ഗവേഷണങ്ങൾക്ക് മേൽനോട്ടം നിർവഹിച്ചിട്ടുണ്ട്.
ജെ.എൻ.യു മുന്‍ വൈസ് ചാന്‍സലറായ എം. ജഗദേഷ് കുമാറിന്‍റെ അഞ്ച് വർഷ കാലാവധി കഴിഞ്ഞ മാസമാണ് അവസാനിച്ചത്. ജെ.എൻ.യുവിൽ നിരവധി ഹിന്ദുത്വ വർഗീയ അജണ്ടകൾ പ്രചരിപ്പിച്ച ജഗദേഷ് കുമാറിനെ പുതിയ യു.ജി.സി ചെയർമാനായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ആഴ്ച നിയമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.