ദാവൂദ് ബന്ധ ആരോപണം മാലിക് മുസ്ലിമായതിനാലെന്ന് പവാർ
text_fieldsമുംബൈ: അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ഒതുക്കുന്ന കേന്ദ്രസർക്കാറിനെതിരെ സജീവമായിരുന്ന മന്ത്രി നവാബ് മാലിക്കിന്റെ അറസ്റ്റിൽ പ്രതിഷേധം.
ദാവൂദ് ഇബ്രാഹിമിനെതിരായ ഹവാലാ ഇടപാട് കേസിലാണ് മാലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. നോട്ടീസോ സമൻസോ നൽകാതെയുള്ള നടപടിയെ എതിർത്ത് ശിവസേന, എൻ.സി.പി, കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു. ഇ.ഡി കാര്യാലയ പരിസരത്ത് മുദ്രാവാക്യങ്ങളുമായി എൻ.സി.പി പ്രവർത്തകരുമെത്തി.
മോദി സർക്കാറിനെതിരെ നേര് വിളിച്ചു പറയുന്നതുകൊണ്ട് മാലിക്കിനെതിരെ നീക്കം പ്രതീക്ഷിച്ചതാണെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. മോദി സർക്കാറിനും കേന്ദ്ര അന്വേഷണ ഏജൻസികൾക്കുമെതിരെ സംസാരിക്കുന്നവരെ അധികാരം ദുരുപയോഗിച്ച് പീഡിപ്പിക്കുകയാണ്. എതിരാളി മുസ്ലിമാണെങ്കിൽ അയാളിൽ ദാവൂദ് ബന്ധം ആരോപിക്കുന്നതാണ് പതിവെന്നും പവാർ പറഞ്ഞു.
ബി.ജെ.പി ഭരണത്തിൽ ജനാധിപത്യം ഭീഷണിയിലാണെന്ന് കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാനാ പട്ടോലെ ആരോപിച്ചു. 20 വർഷം പഴക്കമുള്ള കേസിലാണ് മാലിക്കിനെ കുടുക്കാൻ ശ്രമിക്കുന്നതെന്നും ഇത്തരം നടപടികൾ 2024 വരെ ഉണ്ടാവുകയുള്ളുവെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. വ്യാഴാഴ്ച എൻ.സി.പി, കോൺഗ്രസ്, ശിവസേന നേതാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങും.
ശിവസേന സഖ്യ സർക്കാറിനെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായി രംഗത്തുണ്ടായിരുന്ന മാലിക്, ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ കുടുക്കിയ ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടയിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി നേതാക്കളുടെ സാന്നിധ്യം തുറന്നുകാട്ടിയിരുന്നു. മുൻ ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ദാവൂദ് ബന്ധവും ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.