'മൂവായിരത്തോളം രോഗികളുണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോഴുള്ളത് 60 പേർ' -ഏറ്റവും വലിയ കോവിഡ് ആശുപത്രി അടച്ചുപൂട്ടുന്നു
text_fieldsന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയായ സർദാർ പട്ടേൽ കോവിഡ് കെയർ സെന്‍റർ അടച്ചുപൂട്ടുന്നു. രോഗികളുടെ എണ്ണം കുറഞ്ഞതിനെതുടർന്നാണ് ആഭ്യന്തര വകുപ്പ് മന്ത്രാലയം ആശുപത്രി അടച്ചുപൂട്ടാനുള്ള തീരുമാനം കൈകൊണ്ടത്. ഡി.ആർ.ഡി.ഒയുടെ ഡൽഹി ഛാത്തർപൂരിലുള്ള ആശുപത്രി ഐ.ടി.ബി.പിയുടെ നിയന്ത്രണത്തിലാണുള്ളത്. 3000ത്തോളം ബെഡുകളായിരുന്നു സജ്ജീകരിച്ചിരുന്നത്.
'രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനേന കുറഞ്ഞുവരികയാണ്, അടുത്തയാഴ്ചയോടെ ആശുപത്രി അടച്ചുപൂട്ടാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്' - ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി) ഡയറക്ടർ ജനറൽ എസ്. എസ് ദേശ് വാൾ പറഞ്ഞു.
'സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം പരിഗണിച്ചതിന് ശേഷമാണ് ആശുപത്രി അടച്ചുപൂട്ടാൻ തീരുമാനിച്ചത്. ആശുപത്രിയിൽ നിലവിൽ 60 രോഗികളേയുള്ളൂ. അവരെ ഡിസ്ചാർജ് ചെയ്താൽ ആശുപത്രി അടച്ചുപൂട്ടും. പുതിയ രോഗികളെ അഡ്മിറ്റ് ചെയ്തിട്ടില്ല'- ദേശ് വാൾ പറഞ്ഞു.
കോവിഡ് പശ്ചാതലത്തിൽ കേന്ദ്ര നിർദ്ദേശ പ്രകാരം അയച്ച തങ്ങളുടെ ഡോക്ടർമാരെയും പാരാമെഡിക്കൽ വിദഗ്ധരെയും തിരികെ അയക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ടി.ബി.പി ആഭ്യന്തര വകുപ്പിന് നേരത്തേ കത്തയച്ചിരുന്നു.
പതിനായിരം കിടക്കകളുമായി 2020 ജൂലൈ 5ന് സൗത്ത് ഡൽഹിയിലെ ഛത്തർപുരിലെ രാധാ സ്വാമി സത്‌സങ്ങിൽ ആരംഭിച്ച കോവിഡ് പരിചരണ കേന്ദ്രത്തിൽ ലോകത്തിലെ തന്നെ മികച്ച സംവിധാനങ്ങളായിരുന്നു ഒരുക്കിയിരുന്നത്.ഡൽഹിയിൽ കോവിഡ് രോഗികളാൽ ആശുപത്രികൾ നിറയുന്ന സാഹചര്യത്തിലാണു യുദ്ധകാലടിസ്ഥാനത്തിൽ താൽക്കാലിക ആശുപത്രി ഉയർന്നത്.
20 ഫുട്ബോൾ ഗ്രൗണ്ടിന്‍റെ വലുപ്പമുള്ള സ്ഥലത്ത് 20 കൂടാരങ്ങൾ. ഓരോന്നിലും 500 കിടക്കകൾ വീതം. 75 ആംബുലൻസ്, 500 കുളിമുറികൾ, 450 ശുചിമുറികൾ എന്നിവയും സജ്ജമാക്കിയിരുന്നു. ആയിരത്തോളം ജീവനക്കാരായിരുന്നു ഇവിടെ സേവനം അനുഷ്ഠിച്ചത്.
ഡൽഹിയിലെ ദീൻദയാൽ ഉപാധ്യായ, മദൻ മോഹൻ മാളവ്യ ആശുപത്രികളുമായി സംയോജിപ്പിച്ചായിരുന്നു പ്രവർത്തനം. റഫറൽ ആശുപത്രിയായി എൽ.എൻ.ജെ.പി, രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.