ആദ്യമെത്തുന്ന 3000 പേർക്ക് 50 രൂപക്ക് സാരി... തടിച്ചുകൂടിയത് 5000 സ്ത്രീകൾ; ഒടുവിൽ 10,000 രൂപ പിഴയും
text_fieldsതെങ്കാശി: തമിഴ്നാട്ടിൽ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആദ്യമെത്തുന്ന 3000 പേർക്ക് 50 രൂപക്ക് സാരി വാഗ്ദാനം ചെയ്തതോടെ തടിച്ചുകൂടിയത് 5000 ത്തോളം സ്ത്രീകൾ. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി മാസ്ക് പോലും ധരിക്കാതെ സ്ത്രീകൾ തടിച്ചുകൂടിയതിനെ തുടർന്ന് പൊലീസ് കടയുടമയിൽനിന്ന് 10,000 രൂപ പിഴ ഇൗടാക്കി. തമിഴ്നാട് ആലങ്കുളം വസ്ത്രവ്യാപാര കേന്ദ്രത്തിലാണ് സംഭവം.
താലൂക്ക് ഓഫിസിന് എതിർവശത്തും പൊലീസ് സ്റ്റേഷനിൽനിന്ന് 800 മീറ്റർ അകലെയുമാണ് വസ്ത്രവ്യാപാരശാല. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആദ്യമെത്തുന്ന 3000 പേർക്ക് 50 രൂപക്ക് സാരി വിൽക്കുമെന്നായിരുന്നു ഓഫർ. ഉദ്ഘാടനത്തിന് മുമ്പുതന്നെ തിരുനെൽവേലി-തെങ്കാശി ദേശീയപാതയിൽ 50 രൂപയുടെ സാരി പരാമർശിക്കുന്ന ബാനർ ഉയർത്തിയിരുന്നു. ഉദ്ഘാടന ദിവസം രാവിലെതന്നെ തൊട്ടടുത്ത ഗ്രാമത്തിൽനിന്നുപോലും സ്ത്രീകൾ ആലംകുളത്തെത്തിയിരുന്നു.
അഡീഷനൽ പൊലീസ് സൂപ്രണ്ട് രാജേന്ദ്രൻ, തെങ്കാശി എം.എൽ.എ പളനി നാടാർ, തമിഴ്നാട് വാനികർ സങ്കൻകാലിൻ പേരമൈപ്പ് പ്രസിഡന്‍റ് വിരകമരാജ എന്നിവരാണ് കടയുടെ ഉദ്ഘാടനം നിർവഹിച്ചത്.
'സാരി വാങ്ങാൻ എത്തിയ സ്ത്രീകൾ ആരും മാസ്ക് ധരിച്ചിരുന്നില്ല. സാമൂഹിക അകലവും പാലിച്ചിരുന്നില്ല. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസുകാരെയും വിന്യസിച്ചിരുന്നു' -ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതോടെ കടയുടമക്ക് 10,000 രൂപ പിഴയിട്ടു. കൂടാതെ കടയുടമക്കും മാനേജർക്കുമെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.