പ്രധാനമന്ത്രി സ്ഥാനാർഥിയായി ശശി തരൂർ; നവമാധ്യമങ്ങളിൽ ചൂേടറിയ ചർച്ച
text_fieldsന്യൂഡൽഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറ്റം തടയാൻ പ്രതിപക്ഷം മുന്നിൽ നിർത്തേണ്ട പ്രധാനമന്ത്രി സ്ഥാനാർഥി ആരായിരിക്കണം? രാഹുൽ ഗാന്ധി, നിതീഷ്കുമാർ എന്നിങ്ങനെ നീളുന്ന ചർച്ചകൾക്കിടയിൽ നവമാധ്യമങ്ങളിൽ ശശി തരൂർ എം.പിക്കു വേണ്ടി ചൂടേറിയ ചർച്ചയും പിന്തുണ സമാഹരണവും. 16,000 പേരാണ് ചെയ്ഞ്ച് ഡോട്ട് ഒാർഗ് മുഖേന നടക്കുന്ന പിന്തുണ ശേഖരണത്തിൽ പങ്കാളികളായത്.
കോൺഗ്രസിൽ ഇതേക്കുറിച്ച് ചർച്ച ചൂടുപിടിച്ചിരിക്കേ, പ്രചാരണത്തിൽ താൻ പങ്കാളിയല്ലെന്നും, അവരെ പിന്തുണക്കുന്നില്ലെന്നുമുള്ള വിശദീകരണവുമായി തരൂർ രംഗത്തുവന്നു. ‘‘കോൺഗ്രസിെൻറ പാർലമെൻറ് അംഗമാണ് ഞാൻ. അതിൽ കൂടുതലൊന്നുമല്ല; കുറച്ചൊന്നുമല്ല. പാർട്ടിക്ക് വ്യവസ്ഥാപിതമായൊരു നേതൃത്വമുണ്ട്. അതൊരു ചർച്ചാ വിഷയമല്ല. മാറ്റം വേണ്ടിവരുേമ്പാൾ വ്യവസ്ഥാപിതമായ രീതിയിലൂടെ അത് സംഭവിക്കും’’ -അദ്ദേഹം പറഞ്ഞു. ഒപ്പുശേഖരത്തിൽനിന്ന് പിന്മാറാനും തനിക്കു വേണ്ടി കളത്തിലിറങ്ങിയിരിക്കുന്നവരോട് തരൂർ അഭ്യർഥിച്ചു. പ്രചാരണം മുറുകുന്നതായി കണ്ടതിെൻറ അടിസ്ഥാനത്തിലാണ് ഇടപെടുന്നതെന്ന് തരൂർ വിശദീകരിച്ചു.
തിരുവനന്തപുരം സ്വദേശി പോൾ എന്നയാളാണ് ഒപ്പുശേഖരണം തുടങ്ങിയത്. പൊതുതാൽപര്യം മുൻനിർത്തി ഉൾക്കാഴ്ചയുള്ള ഒരു നേതാവിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കി പ്രതിപക്ഷം മുന്നോട്ടു നീങ്ങേണ്ടതിെൻറ ആവശ്യകത അതിൽ എടുത്തു പറഞ്ഞു. എന്നാൽ, ഇതൊരു പാര തന്നെയാണോ എന്ന് തരൂരിനോട് അടുത്ത കേന്ദ്രങ്ങൾക്കു സംശയമുണ്ട്. തരൂരിനെ തിരുവനന്തപുരം മണ്ഡലത്തിലേക്ക് നൂലിൽ കെട്ടിയിറക്കിയതിെൻറ രോഷം ഇപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്ന കോൺഗ്രസ് നേതാക്കൾ നിരവധിയാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വപരമായ പോരായ്മകളെക്കുറിച്ച് യു.പി തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം ചർച്ച മുറുകിയിരിക്കുന്നതിനിടെ, ഹൈകമാൻഡിന് തരൂരിനോട് നീരസം ഉണ്ടാക്കിയെടുക്കാനുള്ള പണിയാണിതെന്നാണ് സംശയം.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും മുന്നോട്ടു വെക്കുന്ന പ്രസിഡൻഷ്യൽ രീതിയെ അനുകൂലിച്ച് തരൂർ എഴുതിയ ലേഖനവും ചർച്ചയായി. പാർലമെൻററി ജനാധിപത്യ രീതി അവസാനിപ്പിച്ച് പ്രസിഡൻഷ്യൽ സംവിധാനം ഇന്ത്യയിൽ കൊണ്ടുവരണമെന്നാണ് തരൂർ ലേഖനത്തിൽ സമർഥിക്കുന്നത്. ബ്രിട്ടീഷുകാരിൽനിന്ന് പകർന്നുകിട്ടിയ ഇന്ത്യയുടെ പാർലമെൻററി സംവിധാനത്തിൽ നിരവധി പോരായ്മകളുണ്ട്. അതുവഴി ഇന്ത്യക്ക് വലിയ നേട്ടമൊന്നുമില്ല. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അത് ഇണങ്ങുന്നതല്ല.
ശരിക്കു പറഞ്ഞാൽ നമ്മുടെ പല വലിയ രാഷ്ട്രീയ ദൗർബല്യങ്ങൾക്കും അതാണു കാരണം. അമേരിക്കയിലെയും ലാറ്റിനമേരിക്കയിലെയും പ്രസിഡൻഷ്യൽ ഭരണരീതിയാണ് ഇതിനൊരു പരിഹാരം. ദേശീയ തലത്തിൽ നേരിട്ടു തെരഞ്ഞെടുക്കുന്ന പ്രസിഡൻറും സംസ്ഥാന തലത്തിൽ ഗവർണറും നിശ്ചിത കാലം ഭരിക്കണം. അവരാണ് യഥാർഥ ഭരണം നടത്തുന്നത്.
അമേരിക്കയുടെ പ്രസിഡൻഷ്യൽ സംവിധാനമാണ് ഇന്ത്യക്ക് നല്ലതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്ലമൻറ് ആറ്റ്ലി അഭിപ്രായപ്പെട്ടത് ശശി തരൂർ ചൂണ്ടിക്കാട്ടി. എന്നാൽ, ഇൗ നിർദേശം അന്ന് എതിർക്കപ്പെടുകയാണ് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.