ശശികല 10711 നമ്പര്‍ തടവുപുള്ളി; പ്രത്യേക മുറിയില്ല
text_fieldsബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കീഴടങ്ങിയ ശശികലക്ക് ജയിലില്‍ പ്രത്യേക മുറിയോ സൗകര്യങ്ങളോ ലഭിക്കില്ല. വനിത തടവുകാരെ താമസിപ്പിക്കുന്ന ബ്ളോക്കിലെ സാധാരണ മുറിയില്‍ തന്നെയാണ് ശശികലയെയും ഇളവരശിയെയും പാര്‍പ്പിച്ചിരിക്കുന്നത്. ജയിലില്‍ എ ക്ളാസ് മുറിയും കഴിക്കാന്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാന്‍ പ്രത്യേക കോടതി ജഡ്ജി അശ്വത് നാരായണന്‍ തയാറായില്ല.
ജയിലിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയശേഷം ശശികലക്കും ഇളവരശിക്കും യഥാക്രമം അധികൃതര്‍ 10711, 10712 നമ്പറുകള്‍ നല്‍കി. വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി. കടുത്ത പ്രമേഹവും മറ്റു രോഗങ്ങളും അലട്ടുന്നതിനാല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യമൊരുക്കണം. കുടിക്കാന്‍ മിനറല്‍ വാട്ടര്‍, മുഴുവന്‍ സമയം ചൂടുവെള്ളം, സെല്ലില്‍ പ്രത്യേക കിടക്കയും ടി.വിയും യൂറോപ്യന്‍ ടോയ്ലറ്റും വേണമെന്നും അഭിഭാഷകന്‍ വഴി ആവശ്യപ്പെട്ടു. എന്നാല്‍, ജയില്‍ ചട്ടപ്രകാരം സാധാരണ തടവുകാര്‍ക്ക് നല്‍കുന്ന ഭക്ഷണവും സൗകര്യങ്ങളും തന്നെ ശശികലക്കും നല്‍കിയാല്‍ മതിയെന്ന് ജഡ്ജി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
ജയിലിലെ ഭക്ഷണം കഴിക്കുന്ന തടവുകാരെ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നില്ളെന്നും പിന്നെ എന്തിനാണ് വീട്ടിലുണ്ടാക്കിയ ഭക്ഷണമെന്നുമായിരുന്ന ജഡ്ജിയുടെ ചോദ്യം. മൂന്നു സാരികള്‍, പ്ളേറ്റ്, മൊന്ത, ഗ്ളാസ്, കോപ്പ, പുതപ്പ്, തലയണ എന്നിവ ജയില്‍ അധികൃതര്‍ ശശികലക്കും കൂട്ടുപ്രതികള്‍ക്കും കൈമാറി. ജയിലിനുള്ളില്‍ എന്തു ജോലി നല്‍കണമെന്ന കാര്യത്തില്‍ ജയില്‍ അധികൃതര്‍ വരുംദിവസങ്ങളില്‍ തീരുമാനമെടുക്കും. നെയ്ത്തു ജോലിയോ, മെഴുകുതിരി നിര്‍മാണമോ ആയിരിക്കും ശശികലക്ക് ലഭിക്കുകയെന്നാണ് അറിയുന്നത്.
ശശികലയും കൂട്ടുപ്രതികളും മറ്റു തടവുകാരോടൊപ്പമാണ് അത്താഴം കഴിച്ചത്. രണ്ട് ചപ്പാത്തി, ചോറ്, സാമ്പാര്‍ എന്നിവയായിരുന്നു അത്താഴത്തിനുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.